Saturday, November 27, 2021

പെരുമഴ, ചെറുമേഘവിസ്‌ഫോടനങ്ങള്‍; പ്രളയഭീതിയില്‍ കേരളം; നദികള്‍ കരകവിയുന്നു; അഞ്ചു ജില്ലകളില്‍ റെഡ് അലർട്ട്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പെരുമഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് മുകളിലെത്തിയതോടെ, രണ്ടു ദിവസം തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.

മേഘവിസ്‌ഫോടനങ്ങള്‍, അതിതീവ്ര മഴ

പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ സംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മഴ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം വാര്‍ഡില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് ഇവിടെ നിന്നും രോഗികളെ മാറ്റി. പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒഴുകിപ്പോയി. പത്തനംതിട്ടയില്‍ 2018 ല്‍ പെയ്തതിന് സമാനമായി കനത്ത മഴയാണ് തുടരുന്നത്. മൂന്നു മണിക്കൂറില്‍ 70 മി മീറ്റര്‍ മഴയാണ് പെയ്തത്.

അച്ചന്‍ കോവിലാറ്റിലും, കല്ലടയാറ്റിലും ജലനിരപ്പ് ഉയരുന്നു. തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അരുവിക്കര, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ഉരുൾ പൊട്ടൽ, മലവെള്ളപ്പാച്ചിൽ

കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലും അതിശക്തമായ കാറ്റും മഴയും തുടരുന്നു. കോട്ടയം കൂട്ടിക്കല്‍ ഇളംകാട് ഭാഗത്ത് ഉരുള്‍പൊട്ടി വെള്ളം ഉയരുന്നു. മണിമലയാറ്റില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധിക്കും മുകളിലെത്തി. കുട്ടിക്കാനം പുല്ലുപാറയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയം പിണ്ണാക്കനാട് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

ബോട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

ഇടുക്കിയിലും അതിശക്തമായ മഴ തുടരുകയാണ്. ദേവികുളം ഗ്യാപ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. ഇടുക്കിയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ബോട്ടിങ്ങ് നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇടുക്കി തോട്ടം മേഖലകളില്‍ ജോലികള്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളത്ത് അങ്കമാലിയിലും കാലടിയിലും മലയാറ്റൂര്‍ റോഡിലും വെള്ളം കയറി. മൂവാറ്റുപുഴയിലും വെള്ളക്കെട്ട് രൂക്ഷമായി. തൃശൂരില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. മഴക്കെടുതി ഉണ്ടായാല്‍ ഉടന്‍ 101 ല്‍ വിളിക്കണമെന്ന് ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഉപ്പള സ്കൂളിലെ റാഗിങ്: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍

കാസര്‍കോട്: ഉപ്പള ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെഅച്ഛൻ.  ഇക്കാര്യം ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കുട്ടിയുടെ...

More Articles Like This