ഗുജറാത്ത് കലാപക്കേസില്‍ മോദി അടക്കം 64 പേർക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കും: സുപ്രീംകോടതി

0
208

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 64 പേർക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടും അത് അംഗീകരിച്ച കീഴ്ക്കോടതി വിധിയും സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

2002 ഫെബ്രുവരി 28ന് കലാപത്തിനിടയിൽ കൊല്ലപ്പെട്ട കോൺഗ്രസ് മുൻ എംപി എഹ്സാൻ ജഫ്രിയുടെ ഭാര്യ സാകിയ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തീരുമാനത്തിന് എതിരെയാണ് സാകിയ കോടതിയിലെത്തിയത്.

എസ്ഐടി റിപ്പോർട്ടിലെയും അത് അംഗീകരിച്ച മജിസ്ട്രേട്ട് കോടതി വിധിയിലെയും ന്യായീകരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.

2012 ഫെബ്രുവരി 8ന് ആണ് എസ്ഐടി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് അംഗീകരിച്ച കോടതി നിലപാടിനെതിരെ ആണ് സാകിയ സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here