കർഷക പ്രക്ഷോഭം: യോഗി സർക്കാർ മറയ്ക്കാൻ ആഗ്രഹിക്കുന്ന വീഡിയോ രണ്ടാമതും ട്വീറ്റ് ചെയ്ത് വരുൺ ഗാന്ധി, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

0
206

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂരിൽ പ്രതിഷേധിക്കുന്ന കർഷകരെ വീണ്ടും പിന്തുണച്ച് ബി ജെ പി എം പി വരുൺ ഗാന്ധി. കേന്ദ്ര സഹമന്ത്രിയുടെ വാഹനം കർഷകരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോയുടെ വ്യക്തമായ ദൃശ്യങ്ങളാണ് വരുൺ ഗാന്ധി ഇത്തവണ ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ വീഡിയോയുടെ അവ്യക്തമായ ദൃശ്യങ്ങൾ വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വീഡിയോയിൽ എല്ലാം വ്യക്തമാണെന്നും കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്നും വരുൺ ഗാന്ധി വ്യക്തമാക്കി. കർഷകരുടെ മനസിൽ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും സന്ദേശം ഉടലെടുക്കുന്നതിന് മുമ്പ് മണ്ണിൽ വീണ അവരുടെ ചോരയുടെ ഉത്തരവാദികളെ കണ്ടെത്തണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. ബി ജെ പിയുടെ തന്നെ ഒരു എം പി പരസ്യമായി കർഷക പ്രക്ഷോഭങ്ങളെ അനുകൂലിച്ച് രംഗത്തു വരുന്നത് ഉത്തർപ്രദേശിൽ ഭരണത്തിലിരിക്കുന്ന യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഇത് ആദ്യമായല്ല വരുൺ ഗാന്ധി ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വരുന്നത്. അടുത്ത കുറച്ചു നാളുകളായി ബി ജെ പി നിലപാടുകൾക്കെതിരെ വരുൺ പരസ്യമായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ഗോഡ്സെയെ അനുകൂലിക്കുന്നവർക്കെതിരെ വരുൺ പ്രതികരിച്ചിരുന്നു. ഇന്ന് ഇന്ത്യയുടെ കരുത്ത് എന്ന് അവകാശപ്പെടുന്ന പലതിനു കാരണക്കാരൻ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഗോഡ്സെ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുന്നവർ രാജ്യത്തെ തന്നെ അപമാനിക്കുകയാണെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here