കോവിഡ് വ്യാപനം ചെറുത്ത് കാസർകോട് ജില്ല; സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ

0
200

കാഞ്ഞങ്ങാട്:  കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 10 ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ് ജില്ലയിലെ ടിപിആർ നിരക്ക്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇത് 4ലും 3ലുമെത്തി. സംസ്ഥാനത്ത് തന്നെ ടിപിആർ നിരക്ക് 10ൽ താഴെയുള്ള ഏക ജില്ലയും കാസർകോട് തന്നെയാണ്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ജില്ലയിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പൂർണമായി അടച്ചു പൂട്ടി. ടാറ്റാ കോവിഡ് ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ ചികിത്സ.

ഇനി സ്കൂളുകൾ തുറന്ന ശേഷമുള്ള ഒരു മാസമാണു മുൻപിലുള്ള ആശങ്ക. നവംബർ അവസാന വാരത്തോടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടാതിരുന്നാൽ ജില്ല കോവിഡിനെ അതിജീവിക്കുന്നതിൽ വിജയിച്ചെന്നു കരുതാമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോടോം-ബേളൂർ, കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭ, തൃക്കരിപ്പൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് നിലവിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതൽ. ഇതിൽ കോടോം-ബേളൂർ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലും 100ന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. ദേലംമ്പാടി, ബേളൂർ, എൻമകജെ, കുമ്പഡാജെ, മംഗൽപാടി, പൈവളികെ, വോർക്കാടി എന്നീ പഞ്ചായത്തുകളിലാണ് നിലവിൽ രോഗം വ്യാപനം ഏറ്റവും കുറവ്. ഇവിടങ്ങളിൽ 3ൽ താഴെയാണ് കോവിഡ് ബാധിതരുടെ എണ്ണം.

നിർണായകം നവംബർ വരെ

ആശങ്ക വേണമോയെന്ന കാര്യത്തിൽ നവംബർ‍ അവസാനത്തോടെ വ്യക്തത വരുമെന്ന് കോവിഡ് ജില്ലാ നോഡൽ ഓഫിസർ ഡോ. എ.ടി.മനോജ് പറഞ്ഞു. രോഗം    പൂർണമായി വിട്ടു പോകില്ല. പോസിറ്റീവാകുന്നവരുടെ എണ്ണത്തിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും മരണ നിരക്കിലും കുറവ് വന്നാൽ മാത്രമേ കോവിഡ് നിയന്ത്രണ വിധേയമായി എന്ന്  പറയാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലേക്കും വാക്സീൻ എത്തുന്നതോടെ ആശങ്ക പൂർണമായി മാറുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശ്വാസം.

ചികിത്സ തേടുന്നവർ കുറഞ്ഞു

വാക്സീൻ ആദ്യ ഡോസ് പരാമവധി പേരിലെത്തിയതും കോവിഡ് വ്യാപനം കുറയ്ക്കാൻ കാരണമായി. രോഗം വന്നാലും ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയിൽ വളരെ കുറവാണ്. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് ഉള്ളത്. നിലവിൽ ജില്ലയിൽ 1271 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 52 പേർ മാത്രമാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 43 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നു. ഇതിൽ 4 പേർ മാത്രമാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. ബാക്കിയെല്ലാവരും വീടുകളിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here