കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട്

0
251

കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്‌, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയർത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റിൽ 100 ക്യുമെക്‌സ് മുതൽ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതൽ 15 വരെ സെ.മി പമ്പയിൽ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പത്തനംതിട്ടയിൽ ചേരുന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്.

ജലനിരപ്പുയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ ഷട്ടറുകളും അൽപസമയം മുൻപ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. സെക്കൻഡിൽ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണിൽ നിന്നും 65 കിലോമീറ്റർ കിഴക്കാണ് ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here