Wednesday, October 27, 2021

കൂടുതല്‍ ഇളവുകള്‍: 25-ന് തീയേറ്ററും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കും; ചടങ്ങുകളില്‍ 50 പേര്‍വരെ

Must Read

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

തീയേറ്ററുകളെ കൂടാതെ ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാകും ഇവിടങ്ങളില്‍ പ്രവേശനം. അന്‍പതു ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ്  പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം രണ്ട് ഡോസ് വാക്‌സിനേഷന്‍ നിബന്ധന മതിയാകും.

കല്യാണം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ഇരുചടങ്ങുകള്‍ക്കും 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. ശാരീരിക അകലം പാലിച്ച്, 50 പേരെ വരെ ഉള്‍പ്പെടുത്തി നവംബര്‍ ഒന്നു മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കാന്‍ തീരുമാനമായി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.

സി.എഫ്.എല്‍.ടി.സികളും സി.എസ്.എല്‍.ടി.സികളുമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ പറ്റുന്ന വളണ്ടിയര്‍മാരെ പകരം  കണ്ടെത്താവുന്നതാണെന്നും യോഗം നിര്‍ദേശിച്ചു.

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതല്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ്  നടത്തേണ്ടതായി വരും.  അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍  കിറ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍  പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍  പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തി; കാസര്‍കോട്ടെ യുവതി മലപ്പുറത്തെത്തിയത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടി! യുവാവിനെ വിവാഹം കഴിക്കാൻ എത്തിയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, അവസാനം...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി കാസര്‍കോട് നിന്ന് മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഭര്‍തൃമതിയായ ഇവര്‍ അടുത്തിടെ...

More Articles Like This