306 കിമീ മൈലേജുള്ള ആ വണ്ടിയുടെ വില ടാറ്റ പ്രഖ്യാപിച്ചു, എന്തതിശയമെന്ന് വാഹനോകം!

0
534

സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി ടിഗോർ ഇവിയെ പരിഷ്‍കരിച്ച ടിഗോര്‍ ഇവിയെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. ടിഗോര്‍ ഇ വിയുടെ വിലയും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണവും ഇതോടെ ടിഗോറിന് സ്വന്തമാകും. രാജ്യത്ത്​ ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇവി കാർ എന്ന പ്രത്യേകതയുമായാണ്​ ടിഗോർ നിരത്തിലെത്തുക. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പുത്തന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും എന്നാണ് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്.  എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്. 

ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക്​ ചെയ്യാം.  നെക്​സോൺ ഇവിയിലെ സിപ്​ട്രോൺ കരുത്തുമായിട്ടാണ്  വാഹനം എത്തുന്നത്. നെക്​സോൺ ഇവിയിൽ പ്രവർത്തിക്കുന്ന അതേ സിപ്​ട്രോൺ പവർട്രെയിനാണ്​ ടിഗോറിലും ഉൾപ്പെടുത്തുക. നെക്‌സോണ്‍ ഇ.വി. 312 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കിയിട്ടുള്ളത്.  കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖം മിനുക്കുന്നത്.  

26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ ഹൃദയം. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ ഉണ്ട്.  ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. 

സാധാരണ ഹോം ചാർജർ ഉപയോഗിച്ച്​ വാഹനം ചാർജ് ചെയ്​താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ ഒരു മണിക്കൂർകൊണ്ട്​ 80 ശതമാനം ചർജ്​ നിറയ്ക്കാം.  നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്‍റെപ്രത്യേകതയാണ്​. ഇതും ടിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ മുഖം മിനുക്കിയെത്തിയ ടിഗോറിന് സമാനമായി മുൻവശത്ത് മാറ്റങ്ങൾ വരുത്തിയാണ് പുത്തൻ ടിഗോർ ഇവിയുടെയും വരവ്. ഗ്രില്ലിന്റെ ഭാഗത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള പാനൽ ഇലക്ട്രിക്ക് ടിഗോർ പതിപ്പിൽ ശ്രദ്ധക്കപെടാതിരിക്കില്ല. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളാണ് ടിഗോർ ഇവിയെ പെട്രോൾ, ഡീസൽ ടിഗോർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന എക്സ്റ്റീരിയർ ഘടകം. ഹെഡ്‍ലാംപിന് താഴെയും ഫോഗ് ലാംപ് ഹൗസിങ്ങിലും, 15 അലോയ് വീലുകളിൽ വരെ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളുണ്ട്. 

പ്രീമിയം ഭാവത്തിലാണ് ഇന്റീരിയറും. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകൾ ഇന്റീരിയറിലും ഉൾപെടുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹര്‍മന്‍ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച്  ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്. റിമോട്ട് കമാന്റ് ഉള്‍പ്പെടെ 30-ല്‍ അധികം കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഈ വാഹനത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നത്. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡെയ്‌ടോണ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ 2021 ടാറ്റ ടിഗോർ ഇവി വാങ്ങാം. അതേസമയം പുതിയ വാഹനം ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here