ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; പുതിയ കമ്മിറ്റി ഉടനെന്ന് ലീഗ് നേതൃത്വം

0
252

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഹരിതക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ മീഡിയവണിനോട് പറയുകയുണ്ടായി. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തി.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചു, ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാതികളാണ് ഹരിത നേതാക്കള്‍ ഉന്നയിച്ചത്. ഇതുസംബന്ധിച്ച പരാതി നേരത്തേ മുസ്‍ലിം ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഹരിതയുടെ പരാതി നേതൃത്വം പരിഗണിച്ചില്ലെന്ന് വനിതാ കമ്മീഷന് നല്‍‍‍കിയ പരാതിയില്‍ വ്യക്തമാക്കി. പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിന്‍റെ ഖേദപ്രകടനത്തില്‍ ഒതുങ്ങി.

ഹരിത നേതാക്കൾ ആരോപിക്കുന്നത്​ പോലെ ആരെയും വ്യക്​തിപരമായോ ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ലെന്നാണ് നവാസ് വിശദീകരിച്ചത്. എങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതായി മനസിലാക്കുന്നുവെന്നും അതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് നവാസിന്‍റെ വിശീകരണം. പാര്‍ട്ടിയാണ് പ്രധാനമെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നവാസ് പറഞ്ഞു.

എന്നാല്‍ ഈ വിശദീകരണത്തില്‍ ഹരിത നേതാക്കള്‍ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ല. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here