വിദ്വേഷപ്രചാരണം നടത്തുന്നു; നമോ ടി.വി ഉടമയ്ക്കും അവതാരകയ്ക്കുമെതിരെ കേസ്

0
273

തിരുവനന്തപുരം: വര്‍ഗീയ പ്രചാരണവും മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചാനല്‍ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ് 153 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിനെതിരെയും അവതാരകയ്‌ക്കെതിരെയും കേസെടുത്തരിക്കുന്നത്.

നമോ ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിനെ പേരെടുത്തു പറഞ്ഞായിരുന്നു വി. ഡി. സതീശന്റെ പ്രതികരണം. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘സൈബറിടങ്ങളിലെ പ്രചാരണമാണ് പ്രശ്നം വഷളാക്കുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ഒരു നടപടിയുമില്ല. നമോ ടി.വിയെന്ന് പറയുന്നൊരു വീഡിയോ കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

‘സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ഞാനത് അയച്ചുകൊടുത്തു. ഒരു നടപടിയുമില്ല. വെളളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്താനം പറഞ്ഞ് കേരളത്തിലെ സാമൂഹ്യാന്തരക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല. ഇവിടെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിക്കുകയാണ്. നിലപാട് ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ഓരോ വിഭാഗത്തിലും പെട്ട ആളുകളെ പോയി കണ്ടിട്ട് പുറത്തിറങ്ങിവന്ന് അവരെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനമാണോ നമ്മള് പറയേണ്ടത്?’ എന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും വി. ഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

തികഞ്ഞ വര്‍ഗീയവും അശ്ലീലവുമായ പരാമര്‍ശമായിരുന്നു നമോ ടി.വി എന്ന യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി നടത്തിയത്. ഇതിന് മുമ്പും പെണ്‍കുട്ടി സമാനമായ തരത്തില്‍ വീഡിയോ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here