ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ‘ഹരിത’ പുതിയ നേതൃത്വം, മുൻ ഭാരവാഹികൾക്കും വിമർശനം

0
233

മലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മുന്‍ ഭാരവാഹികളെ തളളിപ്പറഞ്ഞും പുതിയ ഹരിത നേതൃത്വം. ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. പൊതു ബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനങ്ങൾ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നുമാണ് പുതിയ ഹരിത ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രതികരിച്ചത്.  കോഴിക്കോട്ട് നടന്ന സിഎച്ച് അനുസ്മരണ യോഗത്തില്‍ വെച്ചാണ് മുസ്ലീം ലീഗ് നേതാക്കളും മുന്‍ ഹരിത ഭാരവാഹികള്‍ക്കെതിരെ രംഗത്തെത്തിയത്.

പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ പുതിയ ഭാരവാഹികളും ലീഗ് നേതാക്കളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സിഎച്ച് സെന്‍ററില്‍ നടന്ന സിഎച്ച് അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍, പാര്‍ട്ടി നേതൃത്വത്തോടുളള കൂറും വിധേയത്വത്തിനുമാകും പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കി.

മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നുമായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിന്‍റെ നിര്‍ദ്ദേശം. ഹരിത മുന്‍ ഭാരവാഹികള്‍ക്കെതിരെ പരോക്ഷ വിമര്‍ശമുയര്‍ത്തിയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍. വൈകാരികതയിൽ മുങ്ങിയ സമൂഹമല്ല എംഎസ്എഫിനും ഹരിതയ്ക്കും വേണ്ടതെന്നും യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ നേരിടുന്നവരെയാണ് ആവശ്യമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. ആരോപണ വിധേയനായ എഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസും വേദിയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here