മെസിയുടെ പ്രതിഫലം വിചാരിച്ചതുപോലല്ല ; പിഎസ്ജിയുമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്ത്

0
249

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. ഒരു ഫ്രഞ്ച് ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പിഎസ്ജിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ക്ക് തുല്യമായ പ്രതിഫലമാണ് മെസിക്ക് ലഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫ്രഞ്ച് യുവ താരം കെയ്‌ലിയന്‍ എംബാപെയെക്കാള്‍ പണംകൊയ്യും 34കാരനായ മെസി പിഎസ്ജിയുടെ പാളയത്തില്‍.

2024ലാണ് മെസിയും പിഎസ്ജിയും തമ്മിലെ കരാര്‍ അവസാനിക്കുന്നത്. മൂന്നു വര്‍ഷത്തെ കരാര്‍ കാലയളവില്‍ 94 മില്യണ്‍ പൗണ്ട് (952 കോടിയോളം രൂപ) മെസിക്ക് ശമ്പള ഇനത്തില്‍ സ്വന്തമാകും. ആദ്യ സീസണില്‍ 25.6 മില്യണ്‍ പൗണ്ടും (260 കോടിയോളം രൂപ) തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ 34.1 മില്യണ്‍ പൗണ്ട് (345 കോടിയിലേറെ രൂപ)വീതവും മെസിക്ക് ശമ്പള ഇനത്തില്‍ ലഭിക്കും.

പിഎസ്ജയിലേക്ക് മാറുമ്പോള്‍ മെസി ട്രാന്‍സ്ഫര്‍ ബോണസ് കൈപ്പറ്റിയിരുന്നില്ല. അതിനാല്‍ ലോയല്‍റ്റി ബോണസായി 12.8 മില്യണ്‍ പൗണ്ടും (130 കോടിയോളം രൂപ) താരത്തിന് ലഭിക്കും. ക്രിപ്‌റ്റോ കറന്‍സിയും മെസിയുടെ കരാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലൂടെ മൂന്ന് വര്‍ഷത്തിനിടെ 30 മില്യണ്‍ യൂറോയും (260 കോടിയോളം രൂപ) മെസിയുടെ പോക്കറ്റിലെത്തും.

ബാഴ്‌സലോണയിലെ ചെലവ് വെട്ടിച്ചുരുക്കലാണ് മെസിയെ ക്ലബ്ബ് മാറാന്‍ നിര്‍ബന്ധിതനാക്കിയത്. പ്രതിഫലം പകുതിയായി കുറച്ച് ബാഴ്‌സലോണയില്‍ തുടര്‍ന്നെങ്കില്‍, 30 മില്യണ്‍ യൂറോ (260 കോടിയോളം രൂപ)മെസിക്ക് വാര്‍ഷിക പ്രതിഫലം ലഭിക്കുമായിരുന്നു. അതിനു തുല്യമായ തുകയാണ് പിഎസ്ജിയിലും മെസി ഉറപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here