പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

0
210

മലപ്പുറം: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. ആളുകള്‍ക്കിടയില്‍ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ടെന്നും അസ്വാരസ്യങ്ങള്‍ പരിഹരിക്കേണ്ടത് ചര്‍ച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന്. വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കും. മലങ്കര സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്.

പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, എച്ച് ഷഹീര്‍ മൗലവി, സൂസപാക്യം തിരുമേനി, ധര്‍മരാജ് റസാലം തിരുമേനി, ബര്‍ണബാസ് തിരുമേനി എന്നീ നേതാക്കള്‍ പങ്കെടുക്കും.

നേരത്തെ സമവായശ്രമങ്ങളുടെ ഭാഗമായി കെ.പി.സി.സി നേതൃത്വം വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. വൈകാതെ തന്നെ സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്നും കെ.പി.സി.സി അറിയിച്ചിരുന്നു.

അതേസമയം പാല ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും പ്രസ്താവന പിന്‍വലിക്കാന്‍ ബിഷപ്പ് തയ്യാറാവണമെന്നും ഇന്നലെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചിരുന്നു. പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നിര്‍ബന്ധിച്ചുള്ളതോ മറ്റ് വഞ്ചനകളിലൂടെയോ മതപരിവര്‍ത്തനം ഇസ്ലാമില്‍ നടക്കുന്നില്ല. അത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല. മതത്തിലേക്ക് വരാന്‍ സൗകര്യമുള്ള ആളുകള്‍ക്ക് വരാം. അല്ലാത്തവര്‍ക്ക് പോകാം എന്നതാണ് ഇസ്ലാമിലെ നയം. പാലാ ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം.

ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. മുസ്‌ലിം സമുദായത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തി അത് പിന്‍വലിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമായിട്ടില്ലെന്നും അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കാന്തപുരം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here