നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ 158 പേര്‍; രണ്ട് പേര്‍ക്ക് ലക്ഷണം

0
252

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോാഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍.

സ്ഥിതി അവലോകനം ചെയ്യാനായി കോഴിക്കോട് ജില്ലാ കളക്ടറേറ്റില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും സവിശേഷ സാഹചര്യം പരിഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം നിപാ വൈറസിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും, ഒരു ഘട്ടത്തിലും കോവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ രോഗപ്രതിരോധമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കുട്ടിക്ക് രോഗം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പൊലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here