താലിബാൻ പതാക ഉപയോഗിച്ചാൽ ട്വന്റി20 ലോകകപ്പിൽ അഫ്ഗാനു വിലക്ക്: റിപ്പോർട്ട്

0
289

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വിട്ടൊഴിയുന്നില്ല. താലിബാൻ അധികാരം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ പുരുഷ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിൽത്തന്നെ. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, അഫ്ഗാനിസ്ഥാൻ പതാകയ്ക്കു കീഴിലാകുമോ ക്രിക്കറ്റ് ടീം ടൂർണമെന്റിൽ പങ്കെടുക്കുക എന്ന കാര്യത്തിലും സസ്പെൻസ് തുടരുകയാണ്.

താലിബാൻ പതാകയ്ക്കു കീഴിൽ ടൂർണമെന്റിൽ പങ്കെടുക്കണമെന്നു ഭരണകൂടം നിർബന്ധം പിടിച്ചാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനു കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കും.  രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചട്ടപ്രകാരം ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ പതാക അധികൃതർക്കു മുൻപാകെ സമർപ്പിക്കണം.

അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ വാദഗതികൾക്കു പ്രസക്തിയുണ്ടെങ്കിലും താലിബാൻ പതാകയാണു അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ഹാജരാക്കുന്നതെങ്കിൽ, വിഷയത്തിൽ നിലപാടു വ്യക്തമാക്കാൻ ഐസിസിക്കുമേൽ സമ്മർദമുണ്ടാകും. താലിബാൻ പതാകയ്ക്കു കീഴിൽ മത്സരിക്കാനാണ് തീരുമാനം എങ്കിൽ, ട്വന്റി20 ലോകകപ്പിൽ‌നിന്നു വിലക്കുക മാത്രമല്ല, അഫ്ഗാനിസ്ഥാന്റെ ഐസിസി അംഗത്വം വരെ അധികൃതർ റദ്ദാക്കിയേക്കുമെന്നു യുകെ മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസീലൻഡ് എന്നിവർ ഉൾപ്പെട്ടെ ഗ്രൂപ്പ് രണ്ടിലാണ് ഇടം പിടിച്ചിരിക്കുന്നത്.

ഐസിസിയിൽ സ്ഥിരം അംഗത്വമുള്ള രാജ്യങ്ങൾക്കു പുരുഷ ടീമിനു പുറമേ വനിതാ ടീമും നിർബന്ധമാണെന്ന ചട്ടവും അഫ്ഗാനിസ്ഥാനു തിരിച്ചടിയാണ്. ഈ വർഷം വനിതാ ക്രിക്കറ്റ് ടീമിനെ അവതരിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ നിശ്ചയിച്ചിരുന്നെങ്കിലും അതിനിടെ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ ഇതു നടപ്പാക്കാനായില്ല.

വനിതാ ക്രിക്കറ്റിനു പ്രോത്സാഹനം നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരം റദ്ദാക്കുമെന്നു നേരത്തെ ഓസ്ട്രേലിയയും മുന്നറിയിപ്പു നൽകിയിരുന്നു.  ഐസിസിയിൽ സ്ഥിരം അംഗത്വമുള്ള അഫ്ഗാനിസ്ഥാനു നിലവിൽ ക്രിക്കറ്റ് നടത്തിപ്പിനായി പ്രതിവർഷം 5 ദശലക്ഷം യുഎസ് ഡോളർ ലഭിക്കുന്നുണ്ട്. നിലവിലെ സ്ഥിതി ഗതികൾ പരിഗണിച്ച്, 17 ബോർഡ് അംഗങ്ങളിൽ 12 പേർ അഫ്ഗാനിസ്ഥാന്റെ അംഗത്വം റദ്ദാക്കണമെന്നു വാദിച്ചാൽ ഐസിസി നടപടിയെടുക്കാൻ നിർബന്ധിതരാകും.

LEAVE A REPLY

Please enter your comment!
Please enter your name here