ഗോൾ പോസ്റ്റ് തകർന്ന് വിദ്യാർഥിയുടെ നെഞ്ചിലേക്ക് വീണു; ഹൃദയത്തിന്റെ അറകൾ മുറിഞ്ഞു, ശസ്ത്രക്രിയ

0
140

കുമ്പഡാജെ (കാസർകോട്) ∙ മൈതാനത്തു ഗോൾ പോസ്റ്റിൽ തൂങ്ങുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണു ഹൃദയത്തിനു പരുക്കു പറ്റിയ വിദ്യാർഥിയെ പെട്ടെന്നു തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്.കുമ്പഡാജെയിലെ ഫസൽ റഹ്മാൻ ദാരിമിയുടെ മകൻ ഉദൈഫ് (14) നെല്ലിക്കട്ട ടർഫിൽ കളി തുടങ്ങുന്നതിനു മുൻപു ഗോൾ പോസ്റ്റിൽ തൂങ്ങിയപ്പോഴാണ് ഇതു മറിഞ്ഞു നെഞ്ചിലേക്ക് വീണത്. പുറത്തു കാണുന്ന പരുക്കുകൾ ഒന്നുമില്ലായിരുന്നു. ചെങ്കള ഇ.കെ.നായനാർ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്.

പരിശോധനയിൽ ഹൃദയത്തിന്റെ അറകൾ മുറിഞ്ഞ നിലയിൽ ആണെന്നു കണ്ടെത്തി. രക്തസമ്മർദം കുറയുകയും ചെയ്തിരുന്നു. തലച്ചോറിലേക്കു രക്തം എത്താത്ത സ്ഥിതിയും വന്നു. തുടർന്നു മംഗളൂരുവിലെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ മറ്റൊരു രോഗിക്കായി തയാറാക്കിയ ഓപ്പറേഷൻ തിയറ്ററിൽ കുട്ടിയെ എത്തിച്ചു ശസ്ത്രക്രിയ നടത്തിയതിനാൽ ആണു രക്ഷപ്പെട്ടതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.കെ.മൂസക്കുഞ്ഞി പറഞ്ഞു. ഇന്നലെ അത്യാഹിത വിഭാഗത്തിൽ നിന്നു കുട്ടിയെ മുറിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here