ഇനി സര്‍, മാഡം വിളി വേണ്ട; പ്രമേയം പാസ്സാക്കി ബോര്‍ഡ് വെച്ച് മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

0
231

പാലക്കാട്: മാത്തൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർ ജീവനക്കാരെയും ജനപ്രതിനിധികളെയും സാർ അല്ലെങ്കിൽ മാഡം എന്നു വിളിക്കുന്നതിന് വിലക്ക്. കത്തിടപാടുകളിലെ സാർ/മാഡം അഭിസംബോധനയും അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങളും വിലക്കിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ഓഫീസിനുമുന്നിൽ ഇക്കാര്യം വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടേതാണ് തീരുമാനം.

അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ വാക്കുകൾക്കുപകരമായി ‘അവകാശപ്പെടുന്നു’വെന്നോ ‘താത്പര്യപ്പെടുന്നു’വെന്നോ ഉപയോഗിക്കാം. ഈ വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഏതെങ്കിലും സേവനം തടസ്സപ്പെട്ടാൽ പ്രസിഡന്റിനോടോ സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടുകയും ചെയ്യാം.

‘സാർ’ വിളിക്കും ‘അപേക്ഷ’യ്ക്കും പകരം പദങ്ങൾ നിർദേശിക്കണമെന്ന് ഔദ്യോഗികഭാഷാവകുപ്പിനോട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ആ നിർദേശം വരുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാമെന്നും നിർദേശമുണ്ട്.

പഞ്ചായത്ത് ഓഫീസിനുപിന്നാലെ പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള എല്ലാ ഓഫീസുകളിലും ഈ രീതി പ്രാവർത്തികമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത മുരളീധരനും വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദും പറഞ്ഞു.

‘സാർ’ വിളി ഒഴിവാക്കാൻ പലരും ആദ്യമൊക്കെ ബുദ്ധിമുട്ടിയെങ്കിലും ആ വിളി പോയതോടെ ആളുകളുമായുള്ള അകലം കുറഞ്ഞതായി അനുഭവപ്പെടുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസൻ പറഞ്ഞു.

പാലക്കാട്ടെ പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്തയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ളതാണ് മാത്തൂർ പഞ്ചായത്ത് ഭരണസമിതി.

LEAVE A REPLY

Please enter your comment!
Please enter your name here