സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും

0
216

തിരുവനന്തപുരം∙ ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള രാത്രികാല കർഫ്യൂവും തുടരും. ഇതു സംബന്ധിച്ച അവലോകനം ചൊവ്വാഴ്ച നടത്തും. അതിനുശേഷം നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ചത്തെ ലോക്ഡൗൺ പിൻവലിക്കണമോ എന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിലാണു ഞായർ ലോക്ഡൗണിൽ തീരുമാനമെടുത്തത്.

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയീടാക്കാനും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുകയെന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. ഒരാഴ്ചയ്ക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണ്.

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസലേഷനില്‍ കഴിയുന്നവരെയും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ കടുത്ത പിഴ ചുമത്താനാണു സര്‍ക്കാര്‍ തീരുമാനം. പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്കു മാറ്റും. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് റസ്പോണ്‍സ് ടീമുകള്‍ ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ടു സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്നാണു പൊതുധാരണ. രോഗനിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ സ്‌കൂള്‍ തുറന്നാല്‍ അതു തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണു വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും.

LEAVE A REPLY

Please enter your comment!
Please enter your name here