രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് ക്രുനാൽ; പ്രശംസ- വിഡിയോ

0
277

അബുദാബി∙ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് നായകൻ കെ.എൽ. രാഹുലിനെതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ക്രുനാൽ പണ്ഡ്യയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആരാധകരുടെയും ക്രിക്കറ്റ് നിരൂപകരുടെയും പ്രശംസ.

ക്രുനാൽ ബോൾ ചെയ്ത 6–ാം ഓവറിലാണു നാടകീയ സംഭങ്ങൾ.  ക്രിസ് ഗെയ്ൽ ഉയർത്തിയടിച്ച പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ക്രീസിനു മുന്നിലേക്കു കയറി നിന്നിരുന്ന രാഹുലിന്റെ ശരീരത്തിലാണു വന്നിടിച്ചത്. മുന്നോട്ടാഞ്ഞ രാഹുൽ വലതുകൈ നിലത്തു കുത്തിയാണ് വീഴ്ചയിൽനിന്നു രക്ഷപ്പെട്ടത്. ഇതിനിടെ, രാഹുലിന്റെ ശരീരത്തിൽ തട്ടിയതിനു ശേഷം തനിക്കു നേരെ എത്തിയ പന്ത് ക്രുനാൽ സ്റ്റംപിലേക്കു തട്ടിയിട്ടു. രാഹുലിന് ഇതിനിടെ ക്രീസിലേക്കു മടങ്ങിയെത്താനായതുമില്ല.

ക്രുനാൽ ആദ്യം റണ്ണൗട്ടിനായി അപ്പീൽ ചെയ്തതോടെ ഫീൽഡ് അംപയർ തീരുമാനം മൂന്നാം അംപയറിനു വിടാനൊരുങ്ങി. രാഹുൽ ഔട്ടെന്ന് ഉറപ്പായിരുന്നെങ്കിലും, ഇതിനിടെ ക്രുനാൽ തന്നെ അപ്പീൽ പിൻവലിച്ചു. തീരുമാനം മൂന്നാം അംപയറിനു വിടേണ്ടതില്ലെന്നു രോഹിത് ശർമയും അംപയർക്കു നിർദേശം നൽകി. പിന്നാലെ ക്രുനാലിനു രാഹുൽ തംബ്സ് അപ്പും നൽകി.

 

20 പന്തിൽ 20 റൺസുമായി രാഹുൽ ബാറ്റു ചെയ്യുമ്പോഴാണു സംഭവം. നിർണായക മത്സരത്തിൽ കെ.എൽ. രാഹുലിനു ‘ലൈഫ്’ നൽകാനുള്ള തീരുമാനം മത്സരഫലംതന്നെ മാറ്റിമറിക്കാൻ പോന്നതായിരുന്നു. എങ്കിലും ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിപ്പിടിച്ചതിനു ക്രുനാലിനും രോഹിത്തിനും ആരാധകർ പ്രശംസയുമായെത്തി.

എന്നാൽ, മത്സരത്തിൽ രാഹുലിന്റെ ഇന്നിങ്സ് 2 പന്തുകൾ കൂടി മാത്രമാണു നീണ്ടത്. തൊട്ടടുത്ത ഓവറിൽ രാഹുലിനെ (21) പൊള്ളാർഡ് വീഴ്ത്തി. പഞ്ചാബിനെ 6 വിക്കറ്റിനു കീഴടക്കിയ മുംബൈ (10 പോയിന്റ്) പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.

ഫോം നഷ്ടത്തിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്ന ഹാർദിക് പാണ്ഡ്യ (30 പന്തിൽ പുറത്താകാതെ 40) അവസരത്തിനൊത്ത് ഉയർന്നതും മുംബൈ ആരാധകർക്ക് സന്തോഷമേകി.

LEAVE A REPLY

Please enter your comment!
Please enter your name here