മൊബൈലിൽ ഗെയിം കളിച്ചത് ശകാരിച്ച അച്ഛനെ പതിനേഴുകാരൻ കഴുത്തു ഞെരിച്ചു കൊന്നു

0
366

സൂററ്റ്: മൊബൈലിൽ ഗെയിം കളിച്ചിരുന്നത് വഴക്കു പറഞ്ഞതിന്റെ പേരിൽ പിതാവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പതിനേഴുകാരൻ. ഗുജറാത്തിലെ സൂററ്റ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയെ കസ്റ്റഡിയിൽ എടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. അബോധാവസ്ഥയിലുള്ള ഭർത്താവിനേയും കൊണ്ട് ഭാര്യ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സൂററ്റിലെ ന്യൂ സിവിൽ ആശുപത്രിയിൽ എത്തുന്നത്. കുളിമുറിയിൽ നിന്നും വീണ് അബോധാവസ്ഥയിലായി എന്നായിരുന്നു ബന്ധുക്കൾ ഡോക്ടർമാര‍ോട് പറഞ്ഞത്.

എന്നാൽ, വ്യാഴാഴ്ച്ച മൃതേദഹം പോസ്റ്റുമോർട്ടം ചെയ്തതതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ ആശുപത്രിയിൽ നിന്നും പൊലീസിനെ വിവരം അറിയിച്ചു.

പൊലീസെത്തി ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പതിനേഴുകാരനായ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റി.

കുട്ടി മൊബൈൽ ഫോൺ ഗെയിം സ്ഥിരമായി കളിച്ചിരുന്നതായി പൊലീസ് പറയുന്നു. ഗെയിം കളിച്ചതിന്റെ പേരിൽ ബുധനാഴ്ച്ച കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതോടെ പിതാവുമായി കുട്ടി വഴക്കിട്ടു. നിയന്ത്രണം വിട്ട കുട്ടി അച്ഛന്റെ കഴുത്ത് ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here