‘മുഖ്യമന്ത്രി പിതൃതുല്യന്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം അവസാനശ്വാസം വരെ തുടരും’; പ്രതികരണവുമായി ജലീല്‍

0
255

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് ഇടപാട് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി എംഎല്‍എ കെ ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ടെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു.

ഏ ആര്‍ നഗര്‍ ബാങ്ക് ആരോപണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് മൊഴി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. ഇഡിയല്ല ഇക്കാര്യം അന്വേഷിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല.  അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here