മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ എട്ടുമാസത്തിനിടെ സ്ഥലംമാറിയത് നാല് ബി.ഡി.ഒ.മാർ, ആറ് പഞ്ചായത്തുകളിൽ വി.ഇ.ഒ.മാരില്ല

0
177

മഞ്ചേശ്വരം: സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന നാട്ടുകാർ വലയുന്നു. ഒഴിവുകൾ നികത്താത്തതും ജീവനക്കാർ സ്ഥലം മാറിപ്പോകുന്നതുമാണ് പ്രധാന കാരണം. മഞ്ചേശ്വരത്തെ പല സർക്കാർ ഓഫീസുകളും ജീവനക്കാരുടെ കുറവുമൂലം പ്രയാസമനുഭവിക്കുയാണ്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബി.ഡി.ഒ.യുടെ ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല. നിലവിൽ ബി.ഡി.ഒ. ഇൻ ചാർജാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ നാല് ബി.ഡി.ഒ.മാരാണ് ഇവിടെനിന്ന്‌ സ്ഥലം മാറിപ്പോയത്. രണ്ടരവർഷമായി ഇവിടെ ക്ലാർക്ക് തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

പ്രധാന തസ്തികയായ എച്ച്.എ.യുടെ കസേര ഒരു മാസത്തിലേറെയായി പുതിയ ആളെ കാത്തിരിക്കുകയാണ്. ആറുപഞ്ചായത്തുകളിൽ ഓരോ വി.ഇ.ഒ.മാർ മാത്രമാണുള്ളത്. ഒരു പഞ്ചായത്തിൽ രണ്ട് വി.ഇ.ഒ.മാരാണ് വേണ്ടത്. നിലവിൽ വൊർക്കാടിയിൽ മാത്രമാണ് രണ്ട് വി.ഇ.ഒ.മാരുള്ളത്. മഞ്ചേശ്വരം, മംഗൽപാടി, എൻമകജെ, മീഞ്ച, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ് വി.ഇ.ഒ.മാരുടെ ഓരോ ഒഴിവുള്ളത്. ഭവനനിർമാണം, ലൈഫ് പദ്ധതി, കിണർനിർമാണം തുടങ്ങി ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപ്പഞ്ചായത്തിനും കീഴിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണത്തിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് വി.ഇ.ഒ.മാർ.

താലൂക്കിലും ഒഴിഞ്ഞ കസേരകൾ

മഞ്ചേശ്വരം താലൂക്ക് ഓഫീസിലും സ്ഥിതി വ്യത്യസ്തമല്ല. കസേരകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ജീവനക്കാരെ നിയമിക്കാൻ നടപടിയില്ല. ഇവിടെ ക്ലാർക്കുമാരുടെ നാല് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

മാത്രമല്ല സീനിയർ ക്ലാർക്ക്, എസ്.വി.ഒ. വിഭാഗങ്ങളിൽ ആറ് തസ്തികകളും നാളുകളായി ഒഴിഞ്ഞുകിടക്കുന്നു. താലൂക്കിൽ ഒഴിവുള്ള രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരുടെ ഒഴിവുകളിലേക്കും നിയമനം നടന്നിട്ടില്ല. താലൂക്ക് നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും ഉപ്പള ബസ്‌സ്റ്റാൻഡിനു മുൻവശമുള്ള വ്യാപാര സമുച്ചയത്തിലെ വാടകക്കെട്ടിടത്തിൽ രണ്ടാംനിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്.

സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നിലവിലുള്ള ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തുന്നവരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. തെക്കൻ ജില്ലകളിൽനിന്ന് എത്തുന്ന ജീവനക്കാരിൽ നല്ലൊരു ഭാഗവും സ്ഥലംമാറ്റം തരപ്പെടുത്തിപ്പോകുന്നതും പതിവാണ്. താലൂക്ക് വികസന സമതിയിലുൾപ്പെടെ ജനപ്രതിനിധികളും മറ്റും ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും കാര്യങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്.

പല തസ്തികകളുടെയും റാങ്ക് പട്ടിക നിലനിൽക്കുമ്പോഴും ഒഴിവുകൾ നികത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here