പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിച്ചോടിച്ച്‌ താലിബാന്‍ ക്രൂരത; എല്ലാം പഴയപടി-വിഡിയോ

0
294

കാബൂള്‍∙ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തിയ വനിതകളെ താലിബാന്‍കാര്‍ ചാട്ടവാറിന് അടിച്ചോടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു ചാട്ട കൊണ്ട് അടിച്ചത്.  പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക സഹ്‌റ റഹിമി പങ്കുവച്ചിരുന്നു. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം.

‘ഒരു സര്‍ക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളെ കെട്ടിടങ്ങളുടെ അടിത്തട്ടില്‍ അടച്ചിട്ട താലിബാന്‍കാര്‍ ചിലയിടങ്ങളില്‍ ചാട്ടവാറും വടികളും കൊണ്ട് അവരെ അടിച്ചോടിക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നു പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ തങ്ങള്‍ എന്തിനാണ് അംഗീകരിക്കുന്നതെന്ന് അവര്‍ ചോദിച്ചു.

സ്ത്രീകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാന്‍കാരെ പ്രകോപിതരാക്കിയിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. ചാട്ടവാറടി ഉള്‍പ്പെടെ അതിക്രൂരമായ നടപടികളിലൂടെ സമൂഹത്തിനു ശക്തമായ സന്ദേശം നല്‍കാനുള്ള നീക്കമാണു താലിബാന്‍ നടത്തിയത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സമാനമായ നടപടിയാണ് ഉണ്ടായത്. കൈകളില്‍ ചാട്ടവാറുമായി പ്രതിഷേധക്കാരെ നേരിടാന്‍ തയാറായാണു താലിബാന്‍കാര്‍ നിന്നതെന്ന് ലൊസാഞ്ചലസ് ടൈംസ് ലേഖകന്‍ മാര്‍ക്കസ് യാം പറഞ്ഞു. ഒരുഘട്ടത്തില്‍ മാര്‍ക്കസിനെ കൈയ്യേറ്റം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ‘വിദേശിയാണ്’ എന്നു ചൂണ്ടിക്കാട്ടി ചിലര്‍ തടഞ്ഞുവെന്നും മാര്‍ക്കസ് പറഞ്ഞു.

സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നു താലിബാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ ഭരണകൂടം പ്രഖ്യാപിക്കപ്പെട്ടതോടെ ആ സാധ്യത മങ്ങിയിരിക്കുന്നുവെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അതേ നിലപാടുകള്‍ തന്നെ തുടരാനുള്ള സാധ്യതയാണു നിലനില്‍ക്കുന്നത്. അഫ്ഗാനിലെ സ്ത്രീകള്‍ ഭയചകിതരാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരുഷന്മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നതു പലയിടത്തും വിലക്കപ്പെട്ടിരിക്കുകയാണ്. ഇതു മൂലം ജോലിക്കു പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണു സ്ത്രീകളെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here