Saturday, September 18, 2021

തകര്‍പ്പന്‍ പ്രകടനവുമായി ബൗളര്‍മാര്‍; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

Must Read

ലണ്ടന്‍: ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ നാലാം ടെസ്റ്റില്‍ നിര്‍ണായകമായി. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210

ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിന് വിജയം നേടാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചെസ്റ്ററില്‍ വെച്ച് നടക്കും.

368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കളിയില്‍ ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. സ്‌കോര്‍ സ്‌കോര്‍ 100-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിനെ ശാര്‍ദുല്‍ പറഞ്ഞയച്ചു. 125 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാന്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി. ഡേവിഡ് മലാന് ശേഷം ഓപ്പണര്‍ ഹസീബിനെ ഇംഗ്ലണ്ടിന് നഷ്ടമായി. 193 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്ത ഹസീബിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ആദ്യ ഇന്നിങ്‌സിലെ ഹീറോ ഒലി പോപ്പിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത ഒലി പോപ്പിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുന്‍പ് മടക്കി ബുംറ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ബെയര്‍സ്‌റ്റോയ്ക്ക് ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. അക്കൗണ്ട് തുറക്കുംമുന്‍പ് താരത്തെ പുറത്താക്കി ജഡേജ ഇംഗ്ലണ്ടിനെ തകര്‍ത്തു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 100 എന്ന സ്‌കോറില്‍ നിന്നും 147 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നായകന്‍ ജോ റൂട്ട് ശ്രദ്ധയോടെ പൊരുതി. അലിയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് താരം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എന്നാാല്‍ സ്‌കോര്‍ 182-ല്‍ നില്‍ക്കേ 78 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്ത റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ ഇംഗ്ലണ്ട് 182 ന് ഏഴ് എന്ന നിലയിലായി. ക്രിസ് ഓവര്‍ട്ടണിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ വോക്‌സ് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല.

കൃത്യമായി ബൗളിങ് മാറ്റം വരുത്തിയ ഇന്ത്യന്‍ നായകന്‍ കോലിയുടെ തന്ത്രം ഫലിച്ചു. ഇടവേളയ്ക്ക് ശേഷം ഉമേഷ് യാദവിനെക്കൊണ്ട് പന്തെറിയിപ്പിച്ച കോലി ക്രിസ് വോക്‌സിനെ കുടുക്കി. 47 പന്തുകളില്‍ നിന്നും 18 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് രാഹുലിന്റെ കൈയ്യിലെത്തിച്ചു. വോക്‌സ് മടങ്ങുമ്പോള്‍ എട്ടുവിക്കറ്റിന് 193 എന്ന നിലയിലായി ഇംഗ്ലണ്ട്.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഓവര്‍ട്ടണും റോബിന്‍സണും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സെടുത്ത ഓവര്‍ട്ടണെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇംഗ്ലണ്ടിന്റെ ഒന്‍പതാം വിക്കറ്റ് പിഴുതു. പിന്നാലെ വന്ന ആന്‍ഡേഴ്‌സണെയും മടക്കി ഉമേഷ് യാദവ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ വെറും 190 റണ്‍സ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127), അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര(61), ഋഷഭ് പന്ത് (50) , ശാര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി അര്‍ധസെഞ്ചുറി നേടുകയും നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യയുടെ വിജയത്തിന് കരുത്തേകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകള്‍ തുറക്കും; നവംബ‍ർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും...

More Articles Like This