അസമിൽ നടന്നത്​ കടുത്ത മനുഷ്യാവകാശ ലംഘനം; ​മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണം -മനുഷ്യാവകാശ കമീഷൻ

0
336

ഗുവാഹത്തി: അസമിൽ പൊലീസി​ന്‍റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ​ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്​ അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്​ഥാന സർക്കാറിനോട്​ കമീഷൻ​ നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടത്​ സെപ്​റ്റംബർ 25ന്​ പ്രതിപക്ഷ നേതാവ്​ ദേവബ്രത ​ൈസക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്​ പൊലീസ്​ നടപടി മനുഷ്യാവകാശ ലംഘനവും യു.എൻ മാർഗനിർദേശ ലംഘനവുമാണെന്ന്​​ കമീഷൻ നിരീക്ഷിച്ചത്​.

സിപജ്ഹർ നഗരത്ത​ിൽ മാത്രം 1000 കുടുംബങ്ങൾക്ക്​​ വീടു നഷ്​ടപ്പെട്ടതായി വ്യക്​തമായതായി കമീഷൻ അറിയിച്ചു​. വിഷയത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയത്തോട്​ കമീഷൻ നിർദേശിച്ചു. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര, രാഷ്​ട്രയകാര്യ ​മന്ത്രാലയം എന്നിവർക്ക്​ കത്തയക്കണമെന്ന്​ രജിസ്​ട്രിക്കും നിർദേശം നൽകിയതായും കമീഷൻ വ്യക്​തമാക്കി.​

അതേസമയം, പൊലീസ്​ നരനായാട്ടിലൂടെ കുടിയിറക്കിവിട്ട ദോൽപൂരിലെ പാവപ്പെട്ട ജനങ്ങൾക്ക്​ അസം സർക്കാർ അടിയന്തരമായി സൗജന്യ ഭൂമി അനുവദിക്കണമെന്ന്​ ആൾ അസം ന്യൂനപക്ഷ വിദ്യാർഥി​ യൂനിയൻ (ആംസു) ആവശ്യപ്പെട്ടു. ചൊവ്വാഴ്​ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ചാണ്, സംഭവത്തിന്​ ശേഷം സർക്കാർ വാഗ്​ദാനം ചെയ്​ത ഭൂമി കാലതാമസം കൂടാതെ ഇരകൾക്ക്​ നൽകണമെന്ന്​ ആംസു നേതാക്കൾ ആവശ്യപ്പെട്ടത്​. ​കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തിനും ആറു ബൈഗ (3.71 ഏക്കർ) ഭൂമി സൗജന്യമായി നൽകണമെന്ന്​​ ആംസു ജനറൽ സെക്രട്ടറി എം.ഡി ഇംത്യാസ്​ ഹുസൈൻ പറഞ്ഞു. ഈ ഭൂമിയിൽ പ്രധാനമന്ത്രി ആവാസ്​ യോജന (പി.എം.എ.വൈ) പദ്ധതിക്ക്​ കീഴിൽ വീടു നിർമിച്ചു നൽകാൻ സർക്കാർ നടപടിയെടുക്കണം​.

വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ആശാവഹമായിരുന്നു. നിയമപരമായി സംസ്​ഥാന സർക്കാറി​ന്‍റെ ഭൂനയത്തിന്​ കീഴിൽ വരുന്ന എല്ലാവർക്കും ഭൂമി അനുവദിക്കുമെന്ന്​ അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്​. കുടിയിറക്കപ്പെട്ട എല്ലാവർക്കും ആരോഗ്യം, ശുചിത്വം തുടങ്ങിയ അടിസ്​ഥാന സൗകര്യങ്ങൾ അടിയന്തരമായി അനുവദിക്കും. പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്​ടപരിഹാരം നൽകുന്നത്​ സംബന്ധിച്ച തീരുമാനം ജുഡീഷ്യൽ അന്വേഷണത്തിന്​ ശേഷം എടുക്കുമെന്നാണ്​​ മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും ഇംത്യാസ്​ ഹുസൈൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here