അമ്പയര്‍ വൈഡ് അനുവദിച്ചില്ല, പ്രതിഷേധിച്ച് പൊള്ളാര്‍ഡ് ചെന്ന് നിന്നത് 30 യാര്‍ഡ് സര്‍ക്കിളില്‍, വീഡിയോ കാണാം

0
472

കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ ഗ്രൗണ്ടില്‍ വെച്ച് പ്രതിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. സെന്റ് കിറ്റ്സില്‍ നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും സെന്റ് ലൂസിയ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അമ്പയര്‍ വൈഡ് അനുവദിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്.

സെന്റ് ലൂസിയ കിങ്‌സിന്റെ പാക്കിസ്ഥാന്‍ താരം വഹാബ് റിയാസ് എറിഞ്ഞ പന്താണ് അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത്. ഇതോടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന നൈറ്റ് റൈഡേഴ്‌സ് നായകന്‍ കൂടിയായ പൊള്ളാര്‍ഡ് ഒരക്ഷരം പോലും മിണ്ടാതെ അമ്പയറുടെ അടുത്തുനിന്ന് ദൂരേക്ക് മാറിനില്‍ക്കുകയായിരുന്നു. നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ 30 യാര്‍ഡ് മാര്‍ക്കില്‍ ചെന്ന് നിന്നാണ് പൊള്ളാര്‍ഡ് പ്രതിഷേധം അറിയിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെപെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

മത്സരത്തിന്റെ 19ആം ഓവറിലാണ് സംഭവം നടക്കുന്നത്. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ പൊള്ളാര്‍ഡ് നയിക്കുന്ന നൈറ്റ് റൈഡേഴ്‌സ് 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലായിരുന്നു. ക്രീസില്‍ ന്യൂസീലന്‍ഡ് താരം ടിം സീഫര്‍ട്ടും (21 പന്തില്‍ 31) ക്യാപ്റ്റന്‍ കൂടിയായ വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡും. 14 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സുമായി തകര്‍ച്ചയിലായിരുന്ന നൈറ്റ് റൈഡേഴ്‌സിനെ പൊള്ളാര്‍ഡ് – സീഫര്‍ട്ട് സഖ്യം നാല് ഓവറില്‍ 44 റണ്‍സടിച്ച് മുന്നോട്ടു നയിക്കുന്ന സമയത്താണ് സംഭവം.

വഹാബ് എറിഞ്ഞ 19ആം ഓവറില്‍ ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയിരുന്നു. അടുത്ത മൂന്ന് പന്തുകള്‍ വൈഡ്. അടുത്ത രണ്ടു പന്തുകള്‍ പൊള്ളാര്‍ഡ് ബൗണ്ടറി കടത്തി. നാലാം പന്തില്‍ പൊള്ളാര്‍ഡ് സിംഗിള്‍ നല്‍കി. ഇതോടെ സീഫര്‍ട്ട് ക്രീസില്‍ എത്തുകയായിരുന്നു. പിന്നാലെ റിയാസിന്റെ വക അടുത്ത വൈഡ്. റീബോളില്‍ വീണ്ടും വൈഡ്. ഇത്തവണ വൈഡാണെന്ന് ഉറപ്പായിട്ടുകൂടി അംപയര്‍ അനുവദിച്ചില്ല. ഇതോടെ ക്രീസിലുണ്ടായിരുന്ന സീഫര്‍ട്ട് വൈഡ് വിളിക്കാത്തതെന്തെന്ന് അംപയറിനോട് തിരക്കുന്നുണ്ടായിരുന്നു. അത് വൈഡാണെന്ന് 100 ശതമാനം ഉറപ്പുണ്ടായിരുന്ന പൊള്ളാര്‍ഡ് അമ്പയറിനോട് ഒന്നും പറയാന്‍ പോയില്ല. പ്രതിഷേധം അറിയിച്ച് ദൂരെ മാറി നില്‍ക്കുകയായിരുന്നു.

എന്നാല്‍ കെസറിക് വില്യംസ് എറിഞ്ഞ 20ആം ഓവറിലെ ആദ്യ പന്തില്‍ പൊള്ളാര്‍ഡ് പുറത്താകുകയും ചെയ്തു. 29 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 41 റണ്‍സെടുത്താണ് പൊള്ളാര്‍ഡ് പുറത്തായത്. മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ സെന്റ് ലൂസിയ കിങ്‌സിനെ 131 റണ്‍സില്‍ ഒതുക്കി നൈറ്റ് റൈഡേഴ്‌സ് വിജയവും സ്വന്തമാക്കി. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സെന്റ് ലൂസിയ കിങ്‌സ് 131 റണ്‍സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here