500 രൂപ അടച്ചാൽ ഒരു ദിവസം മുഴുവൻ ജയിൽ പുള്ളിയാകാം, പുതിയ ടൂറിസം പദ്ധതികളുമായി കർണാടക പൊലീസ്

0
273

ബംഗളുരു: ജയിൽ പുള്ളികളോടൊപ്പം ഒരു ദിവസം ചിലവഴിക്കാനുള്ള അവസരം ലഭിച്ചാൽ വേണ്ടെന്ന് പറയുമോ? ഇത്തരമൊരു അവസരമാണ് ബംഗളുരുവിലെ ഹിൻഡാൽഗ ജയിൽ അധികൃതർ പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. 500 രൂപ ഫീസ് അടച്ചാൽ ഒരു ദിവസം മുഴുവൻ ജയിൽപുള്ളികളോടൊപ്പം അവരിലൊരാളായി കഴിയാൻ സാധിക്കും. ജയിൽ ടൂറിസത്തിന്റെ ഭാഗമായാണ് ഈ പുത്തൻ സംവിധാനം ജയിൽ അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതിനായുള്ള നിർദേശങ്ങൾ സമർപ്പിച്ച ശേഷം സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ജയിൽ നേതൃത്വം.

ജയിലിനുള്ളിൽ ഒരു തടവുകാരനോട് എപ്രകാരമാണോ ജയിൽ അധികൃതർ പെരുമാറുന്നത് അത്തരത്തിൽ തന്നെയാകും ടൂറിസ്റ്റിനോടും പെരുമാറുക. ജയിലിലെ രീതികൾ എല്ലാം പൂർണ്ണമായും ഇവർ അനുസരിക്കണം. കൂടാതെ ജയിൽ യൂണിഫോമും പുലർച്ചെയുള്ള ജയിലിലെ ജോലികളും ഇവർ ചെയ്യണം. താമസം സെല്ലിൽ മറ്റ് തടവുപുള്ളികളോടൊപ്പം ആയിരിക്കും.

ജയിൽ ജീവിതം എന്താണെന്ന് പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം നൽകുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ജയിൽ ജീവിതത്തിലെ കഷ്ടപ്പാടുകൾ മനസിലാക്കിയാൽ കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കുമെന്നും പൊലീസ് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here