സംസ്ഥാനത്തിന് അടുത്ത രണ്ട് ആഴ്ച നിർണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കും

0
196

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വിലയിരുത്തൽ. അടുത്ത മാസത്തോടെ പ്രതിദിന രോഗികൾ മുപ്പതിനായിരം കടക്കാമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണ്ണായകം. നിയന്ത്രണങ്ങൾ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും.

ഓണ ദിവസങ്ങളിലുണ്ടായ  സമ്പർക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെത്തിയ ടിപിആർ 20ന് ന് മുകളിൽ എത്തിയേക്കും. നിലവിലെ പ്രവണത തുടർന്നാൽ അടുത്ത മാസം മുപ്പതിനായിരം മുതൽ നാൽപതിനായിരം വരെ പ്രതിദിന രോഗികളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

രണ്ടാം തരംഗം കുറയാതെ തന്നെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കാനാണ് സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധൻ ഡോക്ടർ അമർ ഫെറ്റൽ ന്യൂസ് 18 നോട് പറഞ്ഞു. പരിശോധന കുറഞ്ഞതിനാലാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗികൾ കുറവായിരുന്നു. രണ്ട് ലക്ഷം വരെ പരിശോധന ന‌ടന്നിരുന്നത് രണ്ടാഴ്ചയോളമായി പകുതിയായി കുറഞ്ഞിരുന്നു.

വരും ദിവസങ്ങളിൽ പരിശോധന ഉയരുന്നതിനനുസരിച്ച് രോഗികളുടെ എണ്ണവും ഉയരും. ഇക്കാലയളവിൽ ഇരട്ടി രോഗപകർച്ചയും ക്ലസ്റ്ററുകളും നിയന്ത്രിക്കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി. ഓണാവധിക്ക് പരിശോധനാ കേന്ദ്രങ്ങളിൽ ആളുകളെത്താതായതോടെയാണ് പരിശോധന കുറഞ്ഞത്. കഴിഞ്ഞ ദിവസം പരിശോധന 63,000-ത്തിലേക്ക് താഴ്ന്നിരുന്നു. പരിശോധന വർദ്ധിക്കുന്നതിന് ആനുപാതികമായി  രോഗികളും ആക്ടീവ് കേസുകളും വർദ്ധിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾ കൂടുന്നതാണ് ആശങ്ക.

ഭൂരിഭാഗം ജില്ലകളിലും സർക്കാർ ആശുപത്രികളിലെ ഓക്സിജൻ കിടക്കകളും ഐസിയുകളും നിലവിൽ തന്നെ നിറഞ്ഞുതുടങ്ങി. മലപ്പുറം, കോഴിക്കോട്, കാസർകോട്, തൃശൂർ ജില്ലകളിൽ സർക്കാർ ആശുപത്രികളിൽ 50 ശതമാനത്തിന് മുകളിലും രോഗികളുണ്ട്. ഐസിയു വെന്റിലേറ്റർ സ്ഥിതിയും സമാനമായ അവസ്ഥലയിലാണ്.

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സ്ഥിതിഗതികൾ വിലയിരുത്തും.  നിയന്ത്രണങ്ങളിലും ഇളവുകളിലും മാറ്റംവരുത്തണമോയെന്ന് ചർച്ചചെയ്യും. ‌പൊതുസ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ  പരിശോധന കർശനമാക്കും.

കേരളത്തില്‍ ഇന്നലെ 10,402 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here