വീണ്ടുമൊരു അര്‍ജന്റീന – ബ്രസീല്‍ പോരാട്ടം; മെസിയും ഡിബാലയും ഇറങ്ങും

0
249

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം വീണ്ടുമൊരു അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം കൂടി. ഇക്കുറി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് സൂപ്പര്‍ പോരിന് കളമൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ അഞ്ചിന് രാത്രി ബ്രസീലിന്റെ മണ്ണിലാണ് മത്സരം.

കോപ്പാ ഫൈനലില്‍ മാരക്കാനയില്‍ ബ്രസീലിനെ 1-0ന് കീഴടക്കി അര്‍ജന്റീന കിരീടമുയര്‍ത്തിയ ശേഷം ഇവരുടെ ആദ്യ ഏറ്റുമുട്ടലാണിത്. സാവോപോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചു.

നായകന്‍ ലയണല്‍ മെസിക്കൊപ്പം യുവ സൂപ്പര്‍ താരം പൗളോ ഡിബാലയും ഇക്കുറി ടീമിലുണ്ട്. പരുക്കിനെത്തുടര്‍ന്ന് ബ്രസീലില്‍ നടന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഡിബാലയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

കോപ്പയ്ക്കുള്ള സ്‌ക്വാഡില്‍ ഇടംപിടിച്ചിരുന്നവരില്‍ സെര്‍ജിയോ അഗ്യൂറോയ്ക്കു മാത്രമാണ് ഇടംനഷ്ടമായത്. പരുക്കിനെത്തുടര്‍ന്ന് ഒന്നരമാസം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതാണ് അഗ്യൂറോയ്ക്ക് വിനയായത്. മറ്റു പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ടീമില്‍ ഇടം നേടി.

സെപ്റ്റംബറില്‍ ബ്രസീലിനു പുറമേ യോഗ്യതാ റൗണ്ടില്‍ വെനസ്വേല, ബൊളീവിയ എന്നിവരെയും അര്‍ജന്റീനയ്ക്ക് നേരിടാനുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറു മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. 12 പോയിന്റുമായി അര്‍ജന്റീന രണ്ടാമതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here