ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം; ഹരിത നേതാക്കൾക്ക് അന്ത്യശാസനവുമായി മുസ്ലീംലീഗ്

0
142

മലപ്പുറം: ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം. എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നൽകിയ മൊഴിയിലും തൻ്റെ പരാതിയില്‍ നജ്മ ഉറച്ച് നിന്നു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇന്നലെ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. അതേസമയം, അച്ചടക്ക ലംഘനം കാട്ടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തില്‍ വനിതാ പ്രാതിനിധ്യമടക്കമുളള പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കിയ ഹരിത നേതാക്കളെ നിയന്ത്രിക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here