യു.എ.ഇയിലേക്കുള്ള പ്രവേശന വിലക്ക് അവസാനിച്ചതോടെ പ്രവാസികൾ മടങ്ങിത്തുടങ്ങി

0
444

ദുബായ്: യു.എ.ഇയിലേക്കുള്ള ഇന്ത്യാക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഭാഗകമായി അവസാനിച്ചതോടെ പ്രവാസികള്‍ മടങ്ങി തുടങ്ങി. ഇന്ന് നൂറു കണക്കിനാളുകളാണ് ദുബായിലും ഷാര്‍ജയിലുമായി വിമാനമിറങ്ങിയത്.

യു.എ.ഇയില്‍ നിന്ന് കോവിഡ് 19 വാക്‌സിന്റെ 2 ഡോസും എടുത്ത താമസവിസക്കാര്‍ക്കാണ് പ്രവേശനാനുമതി. ആരോഗ്യ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും യു.എ.ഇയില്‍ പഠിക്കുന്നവര്‍ക്കും, ചികിത്സാ മാനുഷിക പരിഗണന അര്‍ഹരായവര്‍ക്കും വാക്സിനേഷനില്ലെങ്കിലും ഇന്ത്യയില്‍ നിന്ന്  യു.എ.ഇയിലേക്ക് നേരിട്ടെത്താം. 

ദുബായിലും ഷാര്‍ജയിലും ഇറങ്ങുന്നവര്‍ക്ക് ക്വാറന്റീനില്ല. അബുദാബി, റാസ്സല്‍ ഖൈമ എന്നിവിടങ്ങിലെ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഈ മാസം 10 വരെ അബുദാബിയിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസില്ല.

രാവിലെ ഷാര്‍ജയിലിറങ്ങിയ ചില യാത്രക്കാര്‍ക്ക് ക്വാറന്റൈന്റെ ഭാഗമായി ട്രാക്കിങ്ങ് വാച്ചുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വന്നിറങ്ങിയവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ നിന്നെടുക്കുന്ന പിസിആര്‍ പരിശോധനാഫലം വന്നതിന് ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദ്ദേശിച്ചത്.

യു.എ.ഇയിലേക്ക് മടങ്ങാനായി കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തിയ നിരവധിപേര്‍ക്ക് മതിയായ യാത്രാ രേഖകളില്ലാത്തിനാല്‍ യു.എ.ഇയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. യു.എ.ഇയ്ക്ക് പുറത്ത് 6 മാസം കഴിഞ്ഞവരും, കേരളത്തില്‍  നിന്ന് വാക്സിനെടുത്തവര്‍ക്കും യാത്രാനുമതി നല്‍കിയില്ല. ഐ.സി.എ, ജി.ഡി.ആര്‍.എഫ് അനുമതികള്‍ കിട്ടിയവരെ മാത്രമേ വിമാനങ്ങളില്‍ കയറ്റിയുള്ളു. ദുബായ് വിസക്കാര്‍ക്ക്  ജി.ഡി.ആര്‍.എഫ്.എയും, മറ്റുള്ളവര്‍ക്ക് ഐ.സി.എ അനുമതിയുമാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here