മാനസയുടെ മരണത്തില്‍ വേദനയെന്ന് ആത്മഹത്യകുറിപ്പ്; ചങ്ങരംകുളത്ത് യുവാവ് ആത്മഹത്യചെയ്ത നിലയില്‍

0
295

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് യുവ ദന്ത ഡോക്ടര്‍ മാനസ കൊല്ലപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.

ചങ്ങരംകുളം വളയംകുളം മനല്‍ക്കുന്ന് സ്വദേശി വിനീഷിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തായാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

മാതാവിനൊപ്പമാണ് വിനീഷ് താമസിച്ചുവരുന്നത്. സംഭവ സമയത്ത് വിനീഷ് വീട്ടില്‍ തനിച്ചായിരുന്നു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും വീട്ടില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ പറയുന്നു.

പ്രദേശവാസികളാണ് ആദ്യം യുവാവിനെ കണ്ടത്. തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

കഴിഞ്ഞദിവസമാണ് കണ്ണൂര്‍ സ്വദേശിയായ രഖില്‍ ബി.ഡി.എസ് ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നാലെ രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മാനസയെ രഖില്‍ കൊലപ്പെടുത്തിയത് ഉത്തരേന്ത്യന്‍ മോഡലിലാണെന്നും അതിനായി ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ രാഖില്‍ താമസിച്ചിരുന്നുവെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. മാനസയുടെ നറാത്തെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.

മാനസ പോകുന്നത് കൊല ചെയ്ത രാഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നെന്നും ഇയാളെ പറ്റി വിവരങ്ങളൊന്നും ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നും കാസീം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here