നാടുവിടാന്‍ പാച്ചില്‍, റണ്‍വേ നിറഞ്ഞ് ജനക്കൂട്ടം, ആകാശത്തേക്ക് വെടി, ആശങ്കയുടെ കാബൂള്‍ കാഴ്ചകള്‍ (വീഡിയോ)

0
333

കാബൂള്‍: അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചുവെന്നും അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ കൂട്ടപ്പലായനമാണ് നടക്കുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.

അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക്‌ ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. ‘അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ’ എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇതിനിടയില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ചിലതില്‍ വെടിയൊച്ചകളും കേള്‍ക്കാം. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിയുതിര്‍ത്തതാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തില്‍ പരിധിയില്‍കവിഞ്ഞ് ആളുകള്‍ കയറിയതിനാല്‍ പറന്നുയരാന്‍  സാധിച്ചില്ലെന്നും ചില ആളുകളെ വിമാനങ്ങളില്‍ നിന്ന് ഇറക്കി വിടേണ്ടി വന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍. വിമാനത്തില്‍ കയറിപ്പറ്റാനായി തിരക്കു കൂട്ടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ അഫ്ഗാനിസ്താന്റെ ദുരന്തത്തിന്റെ നേര്‍ചിത്രമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here