ഗനി അഫ്ഗാൻ വിട്ടത് ‘വെറും കയ്യോടെയല്ല’; 4 കാറിലും ഹെലികോപ്റ്ററിലും നിറയെ പണം

0
295

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് നാലു കാറുകളും ഒരു ഹെലികോപ്റ്റർ നിറയെ പണവുമായാണെന്നു റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റഷ്യൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാലു കാറുകള്‍ മുഴുവനും പണമായിരുന്നു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാൻ ശ്രമിച്ചു. പണമെല്ലാം നിറയ്ക്കാൻ സാധിച്ചില്ല. കുറച്ചു പണം അവിടെ ബാക്കിയായി– റഷ്യന്‍ എംബസിയിലെ വക്താവ് നികിത ഇഷ്ചെങ്കോ വ്യക്തമാക്കി. സംഭവത്തിന് സാക്ഷികളുണ്ടെന്നും നികിത ഇഷ്ചെങ്കോ അവകാശപ്പെട്ടു.

ഗനി ഇപ്പോൾ എവിടെയുണ്ടെന്ന കാര്യം അജ്ഞാതമാണ്. ഗനിയുടെ വിമാനത്തിന് തജിക്കിസ്ഥാനിൽ ഇറങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം ഒമാനിലേക്കു പോയതായാണു റിപ്പോർട്ടുകൾ. ഗനി യുഎസിലേക്കു പോകാൻ ശ്രമിക്കുന്നതായും വിവരമുണ്ട്. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിനു പിന്നാലെ തുടങ്ങിയ താലിബാൻ മുന്നേറ്റം ഞായറാഴ്ചയാണു തലസ്ഥാനമായ കാബൂളിലെത്തിയത്. ചെറുത്തുനിൽപുകളില്ലാതെ കാബൂൾ താലിബാനു മുന്നിൽ കീഴടങ്ങി. താലിബാന്‍ നേതാക്കൾ പ്രസിഡന്റിന്റെ കൊട്ടാരം വരെയെത്തിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആളുകൾ വീടുകൾക്കുള്ളിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹന പരിശോധനയും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here