ഓസീസിനെതിരെ തുടർച്ചയായ മൂന്നാം ജയം, പരമ്പര; ചരിത്രം കുറിച്ച് ബംഗ്ലദേശ്

0
252

ധാക്ക∙ ഓസ്ട്രേലിയയ്‌ക്കെതിരെ ഏതൊരു ഫോർമാറ്റിലുമായി ആദ്യ പരമ്പര നേട്ടം സ്വന്തമാക്കി ചരിത്രമെഴുതി ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ധാക്കയിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചതോടെയാണ് ബംഗ്ലദേശിന് പരമ്പര ഉറപ്പായത്. ആവേശകരമായ മൂന്നാം ട്വന്റി20യിൽ 10 റൺസിനാണ് ബംഗ്ലദേശ് ജയിച്ചത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലദേശിന് ആകെ നേടാനായത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും ഓസീസിന് 20 ഓവറിൽ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രം. തോൽവി 10 റൺസിന്. ആദ്യ മത്സരത്തിൽ 23 റൺസിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമാണ് ബംഗ്ലദേശ് വിജയിച്ചത്. ഓസീസിനെതിരെ ബംഗ്ലദേശ് തുടർച്ചയായി മൂന്നു മത്സരം ജയിക്കുന്നതും ചരിത്രത്തിൽ ആദ്യം!

ബംഗ്ലദേശിനായി അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മഹ്മൂദുല്ലയാണ് കളിയിലെ കേമൻ. 53 പന്തുകൾ നേരിട്ട മഹ്മൂദുല്ല നാലു ഫോറുകളോടെ 52 റൺസെടുത്തു. നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത മുസ്താഫിസുർ റഹ്മാന്റെ ‘പിശുക്കും’ ബംഗ്ലാ വിജയത്തിൽ നിർണായകമായി. ഷോറിഫുൽ ഇസ്‍ലാം നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നസൂം അഹമ്മദ്, ഷാക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

സ്ലോ ബോളർമാരെ അതിരറ്റ് തുണച്ച പിച്ചിൽ അവസാന മൂന്ന് ഓവറിൽ ഓസീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 34 റൺസ് മാത്രം. ഏഴു വിക്കറ്റും ബാക്കി. അതിൽ ഒരാൾ ഓസീസ് നിരയിലെ ഒരേയൊരു അർധസെഞ്ചുറി കുറിച്ച മിച്ചൽ മാർഷും. എന്നാൽ, ഷോറിഫുൽ ഇസ്‍ലാം എറിഞ്ഞ 18–ാം ഓവറിലെ ആദ്യ പന്തിൽത്തന്നെ മിച്ചൽ മാർഷ് പുറത്തായത് മത്സരത്തിൽ നിർണായകമായി. ഈ ഓവറിൽ അലക്സ് കാരിയും ഡാൻ ക്രിസ്റ്റ്യനും ഓരോ ഫോറടിച്ച് പ്രതീക്ഷ കാത്തു. ഇതോടെ ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന രണ്ട് ഓവറിൽ ഓസീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 23 റൺസ് മാത്രം.

എന്നാൽ, 19–ാം ഓവർ എറിഞ്ഞ മുസ്താഫിസുർ റഹ്മാൻ മത്സരം ബംഗ്ലദേശിന് അനുകൂലമാക്കി. ഈ ഓവറിൽ ഓസീസിന് നേടാനായത് ഒരേയൊരു റൺ. ഡാൻ ക്രിസ്റ്റ്യനെ കാഴ്ചക്കാരനാക്കിക്കളഞ്ഞ ഈ ഓവർ ഓസീസിന് തിരിച്ചടിയായി. അവസാന ഓവറിൽ അവർ 11 റൺസ് നേടിയെങ്കിലും വിജയത്തിലെത്താനായില്ല. മാർഷ് 47 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്തു. ബെൻ മക്ഡെർമോട്ട് (41 പന്തിൽ 35), അലക്സ് കാരി (15 പന്തിൽ പുറത്താകാതെ 20) തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ, ബംഗ്ലദേശിനായി മഹ്മൂദുല്ലയ്ക്കു പുറമെ ഷാക്കിബ് അൽ ഹസൻ (17 പന്തിൽ 26), അഫീഫ് ഹുസൈൻ (13 പന്തിൽ 19), നൂറുൽ ഹസൻ (അഞ്ച് പന്തിൽ 11) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുവശത്ത്, അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഹാട്രിക് നേടി റെക്കോർഡിട്ട ഓസീസ് താരം നേഥൻ എല്ലിസിന്റെ പ്രകടനം പാഴായി. ബംഗ്ലാ ഇന്നിങ്സിലെ അവസാന ഓവറിൽ ക്യാപ്റ്റൻ മഹ്മൂദുല്ല, മുസ്താഫിസുർ റഹ്മാൻ, മെഹ്ദി ഹസ്സൻ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് ഹാട്രിക് നേടിയത്. അരങ്ങേറ്റത്തിൽ ഹാട്രിക് നേടുന്ന ആദ്യ താരമാണ് എല്ലിസ്. മത്സരത്തിലാകെ നാല് ഓവറിൽ 34 റൺസ് വഴങ്ങിയ എല്ലിസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here