ഇഞ്ചുറി ടൈമില്‍ വീണ്ടും ട്വിസ്റ്റ്, റൊണാള്‍ഡോ സിറ്റിയിലേക്കില്ല; യുനൈറ്റഡലിക്കെന്ന് റിപ്പോര്‍ട്ട്

0
221

മാഞ്ചസ്റ്റര്‍: ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിടാന്‍ തീരുമാനിച്ച പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കില്ല. സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കാണ് റൊണാള്‍ഡോ പോകുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ റൊണാള്‍ഡോ യുനൈറ്റഡില്‍ മടങ്ങിയെത്തുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

റൊണാള്‍ഡോ സിറ്റിയിലേക്ക് വരുന്നകാര്യം സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതോടെ റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്നെ തിരികെയെത്തുമെന്നാണ് സൂചന. റൊണാള്‍ഡോ ടീമെലെത്തുന്ന കാര്യം സംശയമാണെന്നായിരുന്നു ആഴ്‌സണലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

റൊണാള്‍ഡോ നിലവില്‍ യുവന്റസ് താരമാണെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞ ഗ്വാര്‍ഡിയോള ട്രാന്‍സ്ഫര്‍ ജാലകം തീരാന്‍ മൂന്നോ നാലോ ദിവസം ബാക്കിയുണ്ടെന്നതിനാല്‍ എന്തും സംഭവിക്കാമെന്നും വ്യക്തമാക്കി. അതേസമയം റൊണാള്‍ഡോ ടീമിലെത്താനുള്ള സാധ്യത യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ തള്ളിക്കളഞ്ഞതുമില്ല. യുവന്റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ യുനൈറ്റഡ് തയാറാണെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. റൊണാള്‍ഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും സോള്‍ഷ്യര്‍ വ്യക്തമാക്കി.

2003ല്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്. അതേസമയം, റൊണാള്‍ഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തില്‍ ഇറ്റലി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here