അഴീക്കോട്ട് നിന്നാല്‍ തോല്‍ക്കുമെന്ന് ആയിരം തവണ പറഞ്ഞു, കേട്ടില്ല; നേതൃയോഗത്തില്‍ കെ.എം. ഷാജി

0
257

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനുമായി കെ.എം. ഷാജി. മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്.

‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു,’ ഷാജി യോഗത്തില്‍ പറഞ്ഞു.

സി.പി.ഐ.എം നിരന്തരം വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ത്തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെന്നും സുരക്ഷിതമണ്ഡലം നല്‍കേണ്ടിയിരുന്നുവെന്നും മറ്റ് ചിലനേതാക്കളും പറഞ്ഞു.

ഷാജിയുടെ തോല്‍വി ലീഗിന് വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ സമ്മതിച്ചതായാണ് സൂചന.

പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ പ്രശ്നങ്ങളുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. അതുകൊണ്ട് താഴെത്തട്ടില്‍നിന്ന് പരിഹാരം തുടങ്ങണം. നേതാക്കള്‍ നിശ്ചയിക്കുന്നവരല്ല ഭാരവാഹികളാവേണ്ടത്. അങ്ങനെ തുടര്‍ന്നാല്‍ പാര്‍ട്ടിനേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് നേരിട്ട പരാജയം വിലയിരുത്താന്‍ പത്തംഗ ഉപസമിതി രൂപീകരിച്ചു.

കെ.എം. ഷാജി, പി.കെ. ഫിറോസ്, പി.എം.എ സലാം, കെ.പി.എ. മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ്കുട്ടി, എം. ഷംസുദ്ദീന്‍, പി.എം. സാദിഖലി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

ഉപസമിതി അടുത്ത ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തക സമിതിയ്ക്ക് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഓരോ മണ്ഡലവും സമിതി പരിശോധിക്കും. അഭിപ്രായങ്ങള്‍ ക്രോഡീകരിക്കും.

യോഗത്തില്‍ തലമുറ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം നേതൃമാറ്റം ചര്‍ച്ചയായില്ല.

കെ.എം. ഷാജിയ്ക്ക് എതിരെയുള്ള വിജിലന്‍സ് അന്വേഷണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഷാജിക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ വേട്ടയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന്  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here