അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മുപ്പതുകോടി ലഭിച്ചത് ഹരിശ്രീ അശോകന്റെ മരുമകന്; ഭാഗ്യം കൊണ്ടുവന്നത് ഭാര്യ ശ്രീക്കുട്ടിയുടെ ഇന്ത്യന്‍ നമ്പര്‍

0
551

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഭാഗ്യം തേടിയെത്തിയ സനൂപ് സുനില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍ കൂടിയാണ്. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ ഭര്‍ത്താവും എറണാകുളം വൈറ്റില സ്വദേശിയുമാണ് സനൂപ് സുനില്‍. സനൂപും 19 സഹപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.

ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്ത 183947 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സഹപ്രവര്‍ത്തകരുടെ നിർബന്ധത്തിനുവഴങ്ങി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുനിഞ്ഞ സനൂപ് സ്വന്തം പേരില്‍ ടിക്കറ്റെടുക്കുകയും കോണ്‍ടാക്ട് നമ്പറായി ഭാര്യയുടെ ഇന്ത്യന്‍ നമ്പർ നല്‍കുകയുമായിരുന്നു.
ഇന്നലെ ബിഗ് ടിക്കറ്റിന്റെ 230ാം സീരീസിന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ സഹപ്രവര്‍ത്തകനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു സനൂപ്. ആദ്യം സമ്മാനർഹനായെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് വിവരമറിഞ്ഞതോടെ ഫോണ്‍ എടുത്തുനോക്കുകയും ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധിയില്‍ നിന്ന് വിവരം സ്ഥിരീകരിക്കുകയുമായിരുന്നു.
അതേസമയം, തനിക്ക് സമ്മാനമെത്തിച്ചത് ഭാര്യയുടെ ഭാഗ്യ മൊബൈല്‍ നമ്പറാണെന്നാണ് സനൂപിന്റെ വിശ്വാസം. ടിക്കറ്റെടുക്കുമ്പോള്‍ കോണ്‍ടാക്ട് നമ്പറായി നല്‍കിയ എട്ട് എന്ന സംഖ്യ ആവർത്തിക്കുന്ന ശ്രീക്കുട്ടിയുടെ ഇന്ത്യന്‍ നമ്പറിലൂടെയാണ് ഭാഗ്യവാർത്ത എത്തിയത്.

കഴിഞ്ഞ 7 വര്‍ഷമായി ദോഹയിലെ ലുലുവില്‍ ജീവനക്കാരനായ സനൂപ് കഴിഞ്ഞ സെപ്റ്റംബറില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതാണ്. എന്നാല്‍ ലുലു അധികൃതരുടെ ആവശ്യപ്രകാരം തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഒന്നാം സ്ഥാനമായ 15 ദശലക്ഷം ദിര്‍ഹം തുല്യമായി പങ്കിടാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here