അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ കുറയുന്നു; ജനങ്ങൾക്ക് ആശ്വാസം നൽകാതെ എണ്ണക്കമ്പനികൾ

0
283

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ ഏഴാം ദിവസവും പ്രധാന എണ്ണവില സൂചികകൾ എല്ലാം ഇടിവ് രേഖപ്പെടുത്തി. എന്നാൽ ഡീസലിന് രണ്ടു ദിവസമായി 42 പൈസ  കുറച്ചത്  ഒഴിച്ചാൽ ജനങ്ങൾക്ക് ഇളവ് നൽകാൻ ഇന്ത്യയിലെ എണ്ണക്കമ്പനികൾ തയാറായിട്ടില്ല.

ലോകത്തെ ഏറ്റവും പ്രധാന എണ്ണവില സൂചികയായ ഡബ്ല്യൂടിഐ ക്രൂഡിന്റെ  വിലസൂചികയിൽ തുടർച്ചയായ ഏഴാം ദിവസവും ഇടിവ്. ഈ മാസം പതിനൊന്നിന് ബാരലിന് 69 ഡോളർ ആയിരുന്ന ഡബ്ല്യൂടിഐ ക്രൂഡ് വില ഇന്ന് 64 ഡോളറിലേക്ക് താഴ്ന്നു. ഒരാഴ്ചക്കിടെ ബാരലിന് അഞ്ചു ഡോളറിന്റെ കുറവ്. 

ബ്രെന്റ് ക്രൂഡ് വില 71 ഡോളറിൽ നിന്ന് 67 ആയി കുറഞ്ഞു. ഈ മാസം ആദ്യം 75 ഡോളറിന് അടുത്തെത്തിയ ഒപെക് എണ്ണവില ഇപ്പോൾ 69 ലേക്ക് താഴ്ന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന എണ്ണയുടെ വില സൂചികയായ ഇന്ത്യൻ ബാസ്‌ക്കറ്റ് ബാരലിന് 74  ഡോളറിൽ നിന്ന് 68 ഡോളറിലേക്ക് താഴ്ന്നു. പല രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതും ചൈനയിൽ അടക്കം വ്യവസായ മേഖലയിൽ ഉണ്ടായ മാന്ദ്യവും എണ്ണവില കുറയാൻ കാരണമായി. 

വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒരാഴ്ചക്കിടെ ബാരലിന് അഞ്ചു ഡോളർ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ജനങ്ങൾക്ക് ആനുപാതികമായ ആശ്വാസം നൽകാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഡീസൽ വിലയിൽ ഉണ്ടായ തുച്ഛമായ കുറവ് ഒഴിച്ചാൽ യാതൊരു ആശ്വാസ നടപടികളും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here