ഹാൾമാർക്ക് യുഐഡി മുദ്ര പതിക്കാൻ കഴിയാതെ ആഭരണങ്ങൾ കെട്ടിക്കിടക്കുന്നു, സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി രൂക്ഷം

0
258

സ്വർണാഭരണങ്ങൾക്ക് എച്ച്‌‍യുഐഡി (ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ) മുദ്ര പതിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് ആഭരണങ്ങൾ കെട്ടിക്കിടക്കുന്നു. രാജ്യത്തെ സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.

ഓണ, വിവാഹ സീസണോട് അനുബന്ധിച്ച് പുതിയ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്ത വ്യാപാരികൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ 73 ഹാൾമാർക്കിംഗ് സെന്ററുകൾ വഴി ഒരു ലക്ഷത്തിൽ താഴെ ആഭരണങ്ങളിൽ മാത്രമാണ് എച്ച്‍യുഐഡി പതിച്ചു നൽകിയിട്ടുള്ളത്.

കഴിഞ്ഞ മാസം വരെ ഓരോ ഹാൾമാർക്കിംഗ് സെന്ററുകളും ദിവസേന 1500-2000 ആഭരണങ്ങളിൽ വരെ ഹാൾമാർക്ക് മുദ്ര പതിച്ചു നൽകിയിരുന്നു. ഏകദേശം 15 ലക്ഷത്തോളം ആഭരണങ്ങളിൽ ഒരു മാസം ഹാൾമാർക്ക് ചെയ്തു നൽകാറുണ്ടായിരുന്നു. ഇപ്പോൾ വളരെ കുറച്ച് ആഭരണങ്ങളിൽ മാത്രമാണ് ദിവസേന ഹാൾമാർക്ക് യുഐഡി മുദ്ര ചെയ്തു നൽകുന്നത്.

“ഇത് സ്വർണ വ്യാപാര മേഖലയിൽ പുതിയ ഒരു പ്രതിസന്ധി ഉടലെടുക്കാൻ ഇടയാക്കിയിരിക്കുകയാണെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. ജൂലൈ 30 ലെ കണക്കനുസരിച്ച് ഹാൾമാർക്കിങ് സെന്ററുകളുടെ എണ്ണം 933 ആയി. രജിസ്ട്രേഷൻ സ്വീകരിച്ച വ്യാപാരികളുടെ എണ്ണം 73,784 ആയും ഉയർന്നു. ജൂലൈ 29 ന് മാത്രം 1467 വ്യാപാരികൾ രജിസ്ട്രേഷൻ നേടി. അതേസമയം, 3,04,077 ആഭരണങ്ങൾ മാത്രമാണ് ഇന്ത്യ ഒട്ടാകെ ജൂലൈ 29 എന്ന ദിവസം ഹാൾമാർക്ക് ചെയ്തത്. അതായത് ഒരു വ്യാപാരുടെ ശരാശരി നാല് ആഭരണങ്ങൾ മാത്രം. ഒരു ഹാൾമാർക്കിം​ഗ് സെന്റർ പതിച്ചു നൽകിയത് 326 പീസ് മാത്രവും. 326 പീസ് ഹാൾമാർക്ക് ചെയ്താൽ ഇന്നത്തെ നിലയിൽ ഹാൾമാർക്കിം​ഗ് സെന്റർ നിലനിൽക്കില്ലെന്നതാണ് സത്യം, ഇത് മനസ്സിലാക്കാൻ അതികൃതർ തയ്യാറാകണം,” ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ദേശീയ ഡയറക്ടറും ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

ഒരു വർഷം ഏകദേശം 40 കോടി ആഭരണങ്ങളിലാണ് ഹാൾമാർക്ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ കാലതാമസമനുസരിച്ച് എച്ച്‌‍യുഐഡി പതിക്കണമെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടി വരും. കൂടുതൽ ഹാൾമാർക്ക് ചെയ്യാൻ സിസ്റ്റം ശക്തിപ്പെടുത്തുകയും രീതി ലഘൂകരിക്കുകയും വേണം. ഇത് പ്രാബല്യത്തിൽ വരുന്നതുവരെ എച്ച്‌‍യുഐഡി മാറ്റിവയ്ക്കുകയാണ് വേണ്ടത്. ഇതിനാലാണ് രണ്ടു വർഷത്തേക്ക് എച്ച്‍യുഐഡിയിൽ സാവകാശം വേണമെന്ന് സ്വർണ വ്യാപാരികൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

ആറക്ക തിരിച്ചറിയൽ കോഡ്

ഓണ വിപണിയടക്കം മുൻനിർത്തി തീരുമാനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്വർണ വ്യാപാരികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യാപാരികൾ നിവേദനം നൽകിയിരുന്നു. കേന്ദ്രസർക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് ജൂലായ് ഒന്ന് മുതൽ സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണിക്ക് ഐഡന്‍റിഫിക്കേഷൻ മുദ്ര അഥവാ എച്ച്‍യുഐഡി നിർബന്ധമാണ്. നേരത്തെയുണ്ടായിരുന്ന ഹാൾമാർക്കിംഗിൽ നിന്ന് വ്യത്യസ്തമായി ആഭരണങ്ങളിൽ ഇനി ബിഐഎസിന്റെ ആറക്ക തിരിച്ചറിയൽ കോഡ് കൂടി പതിപ്പിക്കും. ഇതിൽ നിന്ന് സ്വർണത്തിന്റെ പരിശുദ്ധി, തൂക്കം, നിർമ്മാതാവിന്റെ പേര്, ജ്വല്ലറിയുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

എച്ച്‍യുഐഡി കോഡ് പരിശോധിക്കുന്ന ഏതൊരാൾക്കും ആഭരണത്തെക്കുറിച്ചുളള സമ്പൂർണ്ണ വിവരം വളരെ വേ​ഗം മനസ്സിലാക്കിയെടുക്കാം.  അടുത്ത ഘട്ടത്തിൽ ആഭരണത്തിന്റെ ചിത്രവും ലഭ്യമാക്കാനാണ് ബിഐഎസിന്റെ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here