വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണം; ലീഗിന്‍റെ അന്ത്യശാസനം രാവിലെ 10 മണി വരെ, നിലപാടിലുറച്ച് ഹരിതനേതാക്കൾ

0
245

മലപ്പുറം: ലൈംഗീക അധിക്ഷേപവും വിവേചനവും സംബന്ധിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനത്തിൻ്റെ സമയം അവസാനിക്കുമ്പോഴും നിലപാടിലുറച്ച് ഹരിത നേതാക്കൾ. ഇന്ന് രാവിലെ 10 മണിക്കകം വനിത കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇക്കാര്യം ഹരിത ഭാരവാഹികളെ അറിയിച്ച‍ിട്ടുണ്ട്. എന്നാല്‍ ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഹരിത ഭാരവാഹികള്‍.

സംഘടനാ നേതാക്കളില്‍ നിന്ന് ലൈംഗീക അധിക്ഷേപവും വിവേചനവും നേരിടേണ്ടി വന്നതായാരോപിച്ച് വനിത കമ്മീഷന് മുന്നില്‍ പരാതിയുമായെത്തിയ ഹരിത പ്രവര്‍ത്തകരോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ലീഗ് നേതൃത്വം. പലനിലയില്‍ സമവായ ചര്‍ച്ച നടത്തിയിട്ടും പരാതിയില്‍ നിന്ന് പിന്‍മാറാന്‍ ഹരിത പ്രവര്‍ത്തകര്‍ തയ്യാറാവാത്തതാണ് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. രാവിലെ 10 മണിക്കകം പരാതി പിന്‍വലിച്ചാല്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി പാടെ അവഗണിക്കപ്പട്ടതോടെയാണ് കമ്മീഷനെ സമീപിക്കേണ്ടി വന്നതെന്നും ലൈംഗീക അധിക്ഷേപം നടത്തിയ പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നും ഹരിത ഭാരവാഹികളും വ്യക്തമാക്കി. ഇതോടെ വനിതാ കമ്മീഷനെ രേഖാമൂലം പരാതി അറിയിച്ച 10 ഹരിത നേതാക്കള്‍ക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകാനുളള സാധ്യതയാണ് തെളിയുന്നത്.

അതിനിടെ, പരാതി നല്‍കിയ ഹരിത പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുന്ന നടപടികള്‍ കോഴിക്കോട് സിറ്റി പൊലീസ് തുടരുകയാണ്. ഇതുവരെ നാലു പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 22ന് കോഴിക്കോട് എംഎസ്എഫിന്‍റെ സംസ്ഥാന സമിതി യോഗത്തിനിടെ പ്രസിഡന്‍റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.

അതേസമയം വിവാദമുയർന്നിട്ടും നേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രദേശിക നേതാവ് രാജിവച്ചു. മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ബഷീർ കലമ്പനാണ് രാജിവച്ചത്. ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ് മോശം പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പിലിനെതിരെയാണ് ഇദ്ദേഹത്തിന്‍റെ മകൾ പരാതി നൽകിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here