മുഈൻ അലി വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്ലീംലീഗ്: റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ലെന്ന് പ്രാദേശിക നേതൃത്വം

0
225

കോഴിക്കോട്: മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇനി അതു തുറക്കാൻ ലീഗില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിനുള്ളിലെ വിഷയങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും. ലീഗിന്റെ ഉള്ളിൽ ഒരു ആഭ്യന്തര പ്രശ്നവും ഇല്ല. വിഷയം പാണക്കാട് ഹൈദരലി തങ്ങളെ അറിയിച്ചതിയോടെ പാർട്ടിയുടെ ഉത്തരവാദിത്വം കഴിഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ ഉചിതമായ സമയത്ത് തീരുമാനം അറിയിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

അതേസമയം മുഈൻ അലിയെ വാർത്തസമ്മേളനത്തിനിടെ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞ മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവ് പാർട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്ന ആളല്ലെന്ന് മുസ്ലീംലീഗ് പ്രാദേശികനേതൃത്വം വ്യക്തമാക്കി. 12 വർഷം മുൻപ് റാഫിയെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കിയതാണ്. കുഞ്ഞാലികുട്ടിയുടെ പേര് ഉപയോഗിച്ച് റാഫി നേട്ടങ്ങളുണ്ടാക്കുകയാണെന്നും മുസ്ലീം ലീഗ് പ്രാദേശിക ഭാരവാഹി മുജീബ് പുതിയകടവ് ആരോപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ചിലർ റാഫിയുടെ ആളുകളാണ്. പാർട്ടി അംഗമെന്ന് പറഞ്ഞ് പിഎംഎ സലാമിനെയും റാഫി തെറ്റിദ്ധരിപ്പിച്ചെന്നും മുജീബ് പുതിയകടവ് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here