കൊച്ചി: കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നാം ഡോസ് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പ്രവാസിയായ ഇദ്ദേഹം രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിക്കുകയും കോവാക്‌സിന് അംഗീകാരം ഇല്ലാത്തതു കൊണ്ട് മൂന്നാം ഡോസ് ആയി കോവീഷീല്‍ഡ് വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി നല്‍കാനാവില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പക്ഷം.

നിലവില്‍ കോവാക്‌സിന്‍ ലോകരാജ്യങ്ങള്‍ ഒന്നും തന്നെ അംഗീകാരം നല്‍കിയിട്ടില്ല. അംഗീകാരത്തിനായി ലോകാരോഗ്യസംഘടന മുമ്പാകെ അപേക്ഷ നല്‍കിയെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.