കല്യാണ്‍ സിംഗിന്റെ മൃതദേഹത്തില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബി.ജെ.പി പതാക; പ്രതിഷേധം

0
232

ലഖ്‌നൗ: അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം. കല്ല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചതായിട്ടാണ് ആരോപണം.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബി.ജെ.പി പതാക പുതപ്പിച്ചിരിക്കുന്നത് കാണുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ കല്യാണ്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

കല്യാണ്‍ സിംഗിന് യോഗി ആദിത്യനാഥ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ യോഗി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്ത്യന്‍ പതാക കോഡിലെ സെക്ഷന്‍ 2.2 (viii) പ്രകാരം, ‘ദേശീയ പതാകയ്ക്ക് ഉയരത്തിലോ മുകളിലോ മറ്റ് പതാക ഉയര്‍ത്തരുത്; പതാക ഉയര്‍ത്തുന്നതില്‍ നിന്ന് പൂക്കളോ മാലകളോ ചിഹ്നമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും പതാകയുടെ മുകളില്‍ സ്ഥാപിക്കരുത്.എന്നാണ് ചട്ടം.

ഈ ചട്ടം ബി.ജെ.പി നേതാക്കള്‍ ലംഘിച്ചെന്നും യോഗി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗ് അന്തരിച്ചത്. 89 വയസ്സായിരുന്നു.  ജൂലൈ നാലുമുതല്‍ ഇദ്ദേഹം സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

രണ്ട് തവണ ലോക്സഭാ എം.പിയായിരുന്നു കല്യാണ്‍ സിംഗ്. യു.പിയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കല്യാണ്‍ സിംഗായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു യു.പി മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here