ഐസിസ് ബന്ധമുള്ള കണ്ണൂരിലെ യുവതികളെ കുറിച്ച് എൻ ഐ എയ്ക്ക് വിവരം ലഭിച്ചത് ഉള്ളാൾ മുൻ എം എൽ എയുടെ വീട്ടിൽ നടന്ന റെയ്ഡിൽ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

0
387

കാസർകോട്: ഐസിസ് റിക്രൂട്ട്‌മെന്റിലും ആശയപ്രചാരണത്തിലും മുഖ്യ പങ്കുവഹിക്കുന്ന കണ്ണൂർ സ്വദേശിനികളായ മിസ്ഹ സിദ്ദിഖും ഷിഫ ഹാരിസും എൻ.ഐ.എ പിടിയിലായത് കർണ്ണാടകത്തിലെ ഉള്ളാളിലെ മുൻ എം.എൽ.എയുടെ വീട്ടിൽ നടത്തിയ 12 മണിക്കൂർ നീണ്ട റെയ്ഡിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണെന്ന് സൂചന.

ദീർഘകാലം ഉള്ളാൾ മണ്ഡലത്തിൽ എം.എൽ.എയായിരുന്ന, മുതിർന്ന കോൺഗ്രസ് നേതാവിന്റെ കൊച്ചുമകൻ അമർ അബ്ദുൾ റഹ്മാൻ ദിവസങ്ങൾക്കു മുമ്പ് മംഗളൂരുവിൽ പിടിയിലായിരുന്നു. ഇയാളുടെ ഉള്ളാളിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് തുടങ്ങിയവയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മിസ്ഹയും ഷിഫയും അറസ്റ്റിലായത്. ഇവരുടെ പിതൃസഹോദരീപുത്രൻ മിസ്ബാഹ് അൻവർ മാർച്ചിൽ അറസ്റ്റിലായിരുന്നു. ഇയാളും കുടുംബവും തബ്ലീഗിൽ സജീവമാണ്. ഉള്ളാളിൽ റെയ്ഡ് നടത്തിയ ദിവസം റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നാലുപേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എയുടെ പിടിയിലായിരുന്നു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഹൂപ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇവർ പ്രചാരണം നടത്തിയതും ആളുകളെ ചേർത്തതും.

ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകളും പങ്കുവച്ചിരുന്നു. ഷിഫ ഹാരിസ് ഐസിസ് പ്രവർത്തനങ്ങൾക്കായി മുഹമ്മദ് വഖാർ ലോണി (വിൽസൺ കാശ്മീരി) ന് പണം കൈമാറിയിരുന്നതും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ആറു മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിനൊടുവിലാണ് കണ്ണൂരിൽ പിടിയിലായവർക്ക് എൻ.ഐ.എ കുരുക്കിട്ടത്.

15 വർഷം മുമ്പ് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്ന് ഐസിസിൽ ചേരാൻ അഫ്ഗാനിലും സിറിയയിലും എത്തിയവർക്ക് ഉള്ളാൾ സ്വദേശിയായ അമർ അബ്ദുൾ റഹ്മാന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഐസിസ് താവളത്തിലുള്ള തൃക്കരിപ്പൂർ, പടന്ന സ്വദേശികൾ ഇപ്പോഴും ടെലിഗ്രാം ആപ് വഴി നാട്ടിലുള്ള പലരുമായും ബന്ധപ്പെടുന്നുണ്ട്. ഐസിസിൽ ചേർന്ന കാലം മുതൽ വീട്ടുകാരുമായും ഇവർ ബന്ധം പുലർത്തിയത് ടെലിഗ്രാം ആപ് വഴിയാണ്. ആളുകളെ റിക്രൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നതും ഇതേ ആപാണ്.

കാസർകോട് ജില്ലയിൽ നിന്ന് പോയ അഞ്ചിലധികം ആളുകൾ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഐസിസ് റിക്രൂട്ടിംഗ് സാമൂഹ്യ മാധ്യമങ്ങൾവഴി നടക്കുന്നതിന്റെ തെളിവുകൾ ലഭ്യമായതോടെ മാർച്ചിലാണ് പലരുടെയും നീക്കങ്ങൾ എൻ.ഐ.എയും തീവ്രവാദവിരുദ്ധ സ്‌ക്വാഡും നിരീക്ഷിക്കാൻ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here