ഇന്നും ഡീസൽ വില കുറഞ്ഞു; ഒരാഴ്ചക്കിടെ മൂന്നാം തവണ

0
197

ന്യൂഡൽഹി: ഡീസൽ വില ഇന്നും കുറഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. വിവിധ നഗരങ്ങളിൽ 18 മുതൽ 25 പൈസവരെയാണ് ഇന്ന് വില കുറഞ്ഞത്. കേരളത്തിൽ  20 പൈസയാണ് ഒരു ലിറ്റർ ഡീസലിന് കുറഞ്ഞത്. എന്നാൽ പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.  രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം റെക്കോർ‍ഡ് നിലവാരത്തിലാണ് പെട്രോൾവില. കഴിഞ്ഞ 34 ദിവസമായി പെട്രോൾ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജൂലൈ 17നാണ് ഏറ്റവും ഒടുവിൽ പെട്രോൾ വില വർധിച്ചത്.

ഒരു മാസം മാറ്റമില്ലാതെ തുടർന്നശേഷം  ബുധനാഴ്ചയാണ് ഡീസൽ വില കുറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലും 18 മുതൽ 25 പൈസവരെ ലിറ്ററിന് കുറഞ്ഞു. ജൂലൈ 17ന് പെട്രോൾ വിലയിൽ 26 മുതൽ 34 പൈസവരെ വർധനവുണ്ടായി. അതിനുശേഷം വില മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയാണ്. മുംബൈയിൽ 107.83 രൂപയും കൊൽക്കത്തയിൽ 102.08 രൂപയുമാണ് വില. ബെംഗളൂരുവിൽ 102.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്ന്. എന്നാൽ സംസ്ഥാന സർക്കാർ നികുതി കുറച്ചതിന് പിന്നാലെ ചെന്നൈയിൽ പെട്രോൾ വില 99.47 രൂപയായി കുറഞ്ഞു. ഓഗസ്റ്റ് 13നാണ് എക്സൈസ് നികുതിയിൽ 3.02 രൂപ കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
ഓഗസ്റ്റ് 18 മുതൽ തുടർച്ചയായി മൂന്നാം ദിവസമാണ് ഡീസലിന് വില കുറയുന്നത്. ഡൽഹിയില്‍ ഒരു ലിറ്റർ ഡീസലിന് 89.27 രൂപയാണ്. മുംബൈ- 96.84 രൂപ, കൊൽക്കത്ത 92.32 രൂപ, ബെംഗളൂരു- 94.65 രൂപ, ചെന്നൈ- 93.84 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഡീസൽ വില.
രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. സർക്കാർ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടിൽ വില 100 ൽ താഴെയായിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ചയും ഇന്ധനവിലയിൽ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയിൽ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റർ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here