Saturday, September 25, 2021

അധികാരം കയ്യടക്കിയതിന് പിന്നാലെ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് താലിബാന്‍; നാടുവിട്ടുപോകാന്‍ വഴി തേടി അഫ്ഗാന്‍ ജനത

Must Read

കാബൂള്‍: തലസ്ഥാന നഗരമായ കാബൂളും പ്രസിഡന്റിന്റെ വസതിയും പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന്‍.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണ്ണമാകുകയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി രാജ്യം വിട്ടുപോകുകയും ചെയ്തതോടെ വിദേശ ശത്രുവിനെയും ആഭ്യന്തര ശത്രുവിനെയും ഒന്നിച്ചവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയതായാണ് താലിബാന്റെ പ്രഖ്യാപനം.

‘അഫ്ഗാന്‍ ജനങ്ങള്‍ക്കും മുജാഹിദ്ദീനുകള്‍ക്കും ഏറ്റവും മഹത്തരമായ ദിവസമാണിത്. 20 വര്‍ഷം നീണ്ട അവരുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം ഇന്നവര്‍ കാണുകയാണ്, അനുഭവിക്കുകയാണ്. രാജ്യത്ത് യുദ്ധം അവസാനിച്ചിരിക്കുകയാണ്. ദൈവത്തിന് നന്ദി,’ താലിബാന്‍ വക്താവ് മുഹമ്മദ് നയീം അല്‍ജസീറയോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ ഒറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഹമ്മദ് നയീം കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പറയുന്നുണ്ട്.

‘ആഗ്രഹിച്ചത് ഞങ്ങള്‍ നേടി, അതായത് രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യം നേടി. ഞങ്ങളുടെ നാടിനെ പിടിച്ചെടുക്കാനോ മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കാനോ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. ആരെയും അക്രമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ മുഹമ്മദ് നയീം കൂട്ടിച്ചേര്‍ത്തു.

അതേസമയം, താലിബാന്‍ കാബൂള്‍ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്താവളങ്ങളില്‍ കനത്ത തിരക്കാണനുഭവപ്പെടുന്നത്.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്‌റാ കരിമി പറഞ്ഞത്.

ഇനിമുതല്‍ അഫ്ഗാനിസ്ഥാനില്‍ മറ്റാരേക്കാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് താലിബാനെ സമ്മര്‍ദത്തിലാക്കിയേ തീരൂവെന്നുമാണ് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി പ്രതികരിച്ചത്.

അതേസമയം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികളിലാണ്.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍...

More Articles Like This