ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി അസറിന് തുടരാം; പരാതി നല്‍കിയ ഭരണസമിതിക്ക് സസ്‌പെന്‍ഷന്‍

0
304

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) പ്രസിഡന്റായി തുടരാന്‍ അനുമതി. ഇതോടൊപ്പം അസറിനെതിരെ പരാതി നല്‍കിയ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മനോജ്, സെക്രട്ടറി വിജയാനന്ദ്, ജോയിന്റ് സെക്രട്ടറി നരേഷ് ശര്‍മ, ട്രഷറര്‍ സുരേന്ദര്‍ അഗര്‍വാള്‍, കൗണ്‍സിലര്‍ പി അനുരാധ എന്നിവരോട് തല്‍സ്ഥാനങ്ങളില്‍ നിന്ന് ഒഴിയാനും എച്ച്‌സിഎ ലോകായുക്ത ജസ്റ്റിസ് (റിട്ട) ദീപക് വര്‍മ ഉത്തരവിട്ടു. അസറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിവാക്കി മൂന്ന് ആഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

അപക്‌സ് കൗണ്‍സിലിന് പ്രസിഡന്റിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കാനാവില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള പ്രമേയമോ, കാരണം കാണിക്കല്‍ നോട്ടീസോ പ്രസിഡന്റിന് അയച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് വര്‍മ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അസറിന് പ്രസിഡന്റായി തുടരാനുള്ള അധികാരമുണ്ടെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റായിരിക്കെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍ ലോക്‌സഭാംഗം കൂടിയായ അസറിനെ പുറത്താക്കുന്നത്. ബിസിസിഐ അംഗീകാരമില്ലാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ക്ലബിന്റെ മാര്‍ഗനിര്‍ദേശകനാണ് അസര്‍ എന്നതാണ് ഒരു ആരോപണം. ടീമിന് വേണ്ടി അസര്‍ നേരിട്ട് പണമിറക്കിയെന്നും ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

പിന്നാലെ അസറിനെ അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നാലെ പുറത്താക്കാന്‍ അസോസിയേഷന്‍ ഭരണസമിതി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.

2019 സെപ്തംബറിലാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ അസറിനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അസറുമായി യോജിച്ചുപോവാന്‍ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല.

ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു എന്നായിരുന്നു ഇവരുടെ പ്രധാന പരാതി. അസോസിയേഷന്റെ അക്കൗണ്ട് അസര്‍ മരവിപ്പിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here