സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

0
194

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച നടത്തും.

തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. കൊതുക് നിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം, സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം
അറിയിച്ചിരുന്നു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്.

എന്‍.ഐ.വി. പൂനെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here