വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതി; 45 വര്‍ഷത്തിന് ശേഷം സജാദ് തങ്ങള്‍ നാട്ടിലെത്തി

0
341

കൊല്ലം: 1976ലെ വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മലയാളിയായ സജാദ് തങ്ങള്‍ നാട്ടിലെത്തി. 45 വര്‍ഷത്തിനു ശേഷമാണ് സജാദ് തങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

1976ല്‍ ഒരു സാംസ്‌കാരിക പരിപാടി നടത്തി മടങ്ങവെ മുംബൈയിലുണ്ടായ വിമാനാപകടത്തില്‍ സജാദ് മരിച്ചു പോയെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളുമടക്കം വിശ്വസിച്ചിരുന്നത്.

നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് സജാദ് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജാദിനെ സ്വീകരിച്ച നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു.

നടി റാണി ചന്ദ്രയടക്കം 95 പേര്‍ മരിച്ച വിമാനാപകടത്തില്‍പെട്ട് സജാദ് മരിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പാണ് സജാദ് മുംബൈയിലെ പന്‍വേലിലെ സീല്‍ ആശ്രമത്തിലുണ്ടെന്ന് വിവരം ലഭിച്ചത്.

1972ല്‍ ജോലി തേടി യു.എ.ഇയില്‍ എത്തിയതായിരുന്നു സജാദ് തങ്ങള്‍. പിന്നീട് ഗള്‍ഫില്‍ നിന്നും മുംബൈയിലെത്തി. അവിടെ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന സംഘത്തിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് 1976ല്‍ റാണി ചന്ദ്രയടക്കം പങ്കെടുത്ത ഒരു സാംസ്‌കാരിക പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു വിമാനാപകടം.

തനിക്കെതിരെ അന്വേഷണം വരുമോ എന്ന് ഭയന്നായിരുന്നു നാട്ടിലേക്ക് മടങ്ങി വരാന്‍ സജാദ് മടിച്ചതെന്നായിരുന്നു മുമ്പ് സജാദ് പറഞ്ഞത്.

തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും മുംബൈയിലെത്തി പല ജോലികള്‍ ചെയ്ത് വരികയായിരുന്നു സജാദ്. ഒരു തവണ സുഹൃത്തിന്റെ വാഹനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്‌തെങ്കിലും വീട്ടില്‍ പോയില്ല.

2019ല്‍ സുഹൃത്താണ് മുംബൈ ഘാട്‌കോപ്പറിലെ താമസസ്ഥലത്ത് നിന്ന് സജാദിനെ പന്‍വേലിലെ സീല്‍ ആശ്രമത്തിലെത്തിച്ചത്. ആശ്രമ സ്ഥാപകനായ പാസ്റ്റര്‍ കെ.എം. ഫിലിപ്പ് നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് സജാദിനെ വീട്ടുകാരുമായി ബന്ധിപ്പിക്കാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here