വഴിയോരത്ത് ചായയും കടിയും, പാനും വിൽക്കുന്നവരിൽ പലരും കോടീശ്വരന്മാർ, ഞെട്ടി ആദായനികുതി വകുപ്പ്

0
386

വഴിയോരക്കച്ചവടക്കാരുടെ കഷ്ടപ്പാടിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, വഴിവക്കിൽ തട്ടുകട നടത്തുന്നവരും, പാൻ വിൽക്കുന്നവരും, ചായ അടിക്കുന്നവരും ഔഡിയിലും, ബെൻസിലും വന്നിറങ്ങുന്നത് ചിന്തിക്കാനാകുമോ? വഴിയോരക്കച്ചവടം നടത്തുന്നവരിൽ കൂടുതലും അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ്. എന്നാൽ, പക്ഷേ അവർക്കിടയിലും കോടികളുടെ സമ്പാദ്യമുള്ളവരുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് നികുതി വകുപ്പ് പുറത്ത് വിടുന്നത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ വഴിയരികിൽ പാൻ, സമോസ, ചാട്ട് കച്ചവടം നടത്തുന്നവരിൽ പലരും കോടീശ്വരന്മാരാണെന്ന് കണ്ടെത്തി.

അന്വേഷണത്തിൽ നഗരത്തിലെ വഴിയോര കച്ചവടക്കാരിൽ ഏകദേശം 256 പേർ കോടീശ്വരന്മാരാണെന്ന് തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിലും അത്ഭുതപ്പെടുത്തുന്ന കാര്യം, പാട്ട പെറുക്കുന്ന ആളുകളിൽ പലർക്കും മൂന്നിൽ കൂടുതൽ കാറുകൾ ഉണ്ടെന്നും തെളിഞ്ഞു. ഡാറ്റാ സോഫ്റ്റ്‌വെയറിന്റെയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടെയും സഹായത്തോടെ നടത്തിയ സർവേയിലാണ് ഈ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. അതേസമയം, ഈ സമ്പന്നർ നികുതിയുടെ അടക്കുകയോ, ജിഎസ്ടി നൽകുകയോ ചെയ്യുന്നില്ല.

ബെക്കോംഗഞ്ചിലെ ഒരു ആക്രി വ്യാപാരി കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന മൂന്ന് വസ്തുവകകൾ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ആര്യനഗർ, സ്വരൂപ് നഗർ, ബിർഹാന റോഡ് എന്നിവിടങ്ങളിൽ പാൻ കടകൾ നടത്തുന്ന ചില കച്ചവടക്കാരും കോവിഡ് കാലയളവിൽ അഞ്ച് കോടി രൂപയുടെ വസ്തുവകകൾ വാങ്ങിയതായി അധികൃതർ കണ്ടെത്തി.

അതുപോലെ മാൾ റോഡിൽ ലഘുഭക്ഷണം വിൽക്കുന്ന കച്ചവടക്കാരൻ അയാളുടെ പലയിടത്തായി കിടക്കുന്ന കച്ചവടവണ്ടികൾക്കായി പ്രതിമാസം 1.25 ലക്ഷം രൂപ വാടക നൽകുന്നതായും പറയുന്നു. പലരും സമ്പാദിക്കുന്ന തുക റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ആദായനികുതി വകുപ്പിനെ അമ്പരപ്പിച്ചിരിക്കയാണ്. എന്നാൽ ഇത്തരം വെളിപ്പെടുത്തലുകൾ ഇതാദ്യമായല്ല നടക്കുന്നത്. അലിഗഡിൽ ചായക്കച്ചവടം നടത്തുന്ന ഒരാളുടെ വാർഷിക വിറ്റുവരവ് 60 ലക്ഷം രൂപയാണെന്ന് 2019 ൽ വാണിജ്യ നികുതി വകുപ്പ് വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here